ആരു വിചാരിച്ചാലും ദിലീപിനെ സംരക്ഷിക്കാന്‍ കഴിയില്ല; മന്ത്രി എ.കെ ബാലന്‍
ആലപ്പുഴ: നദിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആരു വിചാരിച്ചാലും പ്രതിയെ സംരക്ഷിക്കാന്‍ കഴിയില്ലനും മന്ത്രി എ.കെ ബാലന്‍. ഗൂഢാലോചന തെളിയിക്കുന്നതിനും പ്രതികള്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുന്നതിനും ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കേരള പൊലീസ് ഇന്ത്യയ്ക്ക് മാതൃകയായതിന്റെ തെളിവാണ് നടിയെ ആക്രമിച്ച കേസില്‍ കാണുന്നതെന്നു മന്ത്രി പറഞ്ഞു.
കുറ്റകൃത്യം നടത്തുന്നതിനു നേരിട്ടു നേതൃത്വം നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. സാധാരണഗതിയില്‍ ഗൂഢാലോചനക്കേസ് തെളിയിക്കുക പ്രയാസമാണ്. അതിനു പഴുതടച്ചുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഒരു കുറ്റവാളിയും ഈ സര്‍ക്കാരിന്റെ കാലത്ത് രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിനിമാ ലോകത്തിന് ഒരു അപമാനമുണ്ടാക്കുന്ന പ്രവൃത്തിയാണു നടന്നതെന്ന് ആ മേഖലയിലെ ആളുകള്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. സംഭവം നടന്ന് ആറാമത്തെ ദിവസം തന്നെ പ്രധാന പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഏഴു പേരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രം കോടതിയില്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ വരുന്നത്. ഗൂഢോലോചന കേസ് റജിസ്റ്റര്‍ ചെയ്ത് നിഷ്പക്ഷവും സമഗ്രവുമായി അന്വേഷിച്ചതിന്റെ ഫലമായാണു ഗൂഢാലോചനയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തത്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.