ഭീകരാക്രമണത്തില്‍ നിന്നും അമര്‍നാഥ് തീര്‍ഥാടകരെ രക്ഷപ്പെടുത്തിയത് ഷെയ്ക്ക് സലിം ഗഫൂര്‍ എന്ന ഡ്രൈവറിന്റെ മനസ്സാന്നിധ്യം
കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണമത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമാകാതിരിക്കുവാന്‍ കാരണമായത് ഷെയ്ക്ക് സലിം ഗഫൂര്‍ ഭായ് എന്ന ഡ്രൈവറിന്റെ മനസ്സാന്നിധ്യം. ഇരുട്ടിന്റെ മറവില്‍ നടന്ന ആക്രമണത്തില്‍ ഭീകരരുടെ മുന്നില്‍ നിന്ന് തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ഷെയ്ക്ക് സലിം ഗഫൂര്‍ ഭായ് കാണിച്ച ധൈര്യമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റ് 49 പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. ഇല്ലായിരുന്നുവെങ്കില്‍ രാജ്യം ഞെട്ടുന്ന തരത്തിലുള്ള ഒരു വന്‍ദുരന്തമായി ആക്രമണം മാറുമായിരുന്നു.
കൂറ്റാക്കൂറ്റിരുട്ടില്‍ ഭീകരരുടെ കണ്ണുവെട്ടിച്ച് തീര്‍ഥാടകരേയും വഹിച്ചുകൊണ്ടുള്ള ബസ് സലീം തൊട്ടടുത്ത ആശുപത്രിയിലേക്ക് പായിക്കുകയായിരുന്നു. 20 പേര്‍ക്ക് വെടിയേറ്റിരുന്നു. വെടിയേറ്റ ഏഴുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. എന്നാല്‍ മറ്റുള്ളവരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നും സലീമിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും സഹോദരന്‍ പറയുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മൂന്നുവശത്തുനിന്നുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. . സലീമിന്റെ തക്കസമയത്തെ ഇടപെടലാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്ന് ജീവന്‍ തിരിച്ചുകിട്ടിയ തീര്‍ത്ഥാടകര്‍ പറയുന്നു.