ദിലീപിനെതിരെ അമ്മ യോഗത്തില്‍ നടപടി ആവശ്യപ്പെടുമെന്ന് ആസിഫ് അലി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ അമ്മ യോഗത്തില്‍ നടപടി ആവശ്യപ്പെടുമെന്ന് നടന്‍ ആസിഫ് അലി. മമ്മൂട്ടിയുടെ വസതിയില്‍ നടക്കുന്ന അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആസിഫലിയുടെ വാക്കുകള്‍

മാക്‌സിമം ജസ്റ്റിസും മാക്‌സിമം സപ്പോര്‍ട്ടും കൂട്ടുകാരിക്ക് കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മീറ്റിങ്ങില്‍ ഇത് ചര്‍ച്ച ചെയ്യുമോ എന്നെനിക്ക് അറിയില്ല. അത് അകത്ത് കയറിയാല്‍ മാത്രമെ അറിയാന്‍ കഴിയു. ആക്രമിക്കപ്പെട്ട സുഹൃത്തിനൊപ്പം തന്നെയാണ് ഞാന്‍.

എപ്പോഴും അവരുടെ കൂടെയെ ഞാന്‍ നിന്നിട്ടുളളൂ. അതില്‍ ഏറ്റവും കൂടുതല്‍ സങ്കടം അനുഭവിച്ച ആളുകളിലൊരാള്‍ ഞാനാണ്. മാധ്യമങ്ങളിലൂടെ പ്രതികരിച്ചില്ല എന്നു കരുതി ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ അതിനെതിരെ നില്‍ക്കുന്നു എന്നൊന്നും അല്ല. വിഷമം ഞങ്ങളുടെ എല്ലാവരുടെയും ഉളളിലുണ്ട്. ഞങ്ങളുടെതായ രീതിയില്‍ അത് എക്‌സ്പ്രസ് ചെയ്തിട്ടുമുണ്ട്.

കൃത്യമായ പിന്തുണ എന്റെ സുഹൃത്തിന് ഞാന്‍ നല്‍കുന്നുമുണ്ട്. ദിലീപ് എന്ന നടനില്‍ നിന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ദിലീപ് എന്ന നടനില്‍ നിന്നെല്ലാ ഒരാളില്‍ നിന്നും ഇതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആ വാര്‍ത്ത അന്നുകേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാണ് ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്ന്.

Read also:  ദിലീപിന് ജയിലില്‍ സുഖവാസമില്ല; പാര്‍പ്പിച്ചിരിക്കുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം,സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍

കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകില്ല. അതെങ്ങനെയാണ് ഉണ്ടാകുന്നത്. അമ്മയുടെ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ നടപടി ആവശ്യപ്പെടും. ഈ സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ ഇതിന് കൃത്യമായ നടപടി ഉണ്ടാകണമെന്ന് അന്നേ ആഗ്രഹിച്ചിരുന്ന ആളുകളാണ്. ഇത് തെളിയുന്നത് വരെ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്താണ് സത്യാവസ്ഥ എന്നത് വളരെ പരിമിതമായിട്ട് മാത്രമെ എനിക്ക് അറിയുകയുളളൂ.

നേരത്തെ എനിക്കറിയാവുന്ന ഒരു ദിലീപുണ്ട്, അദ്ദേഹം അന്ന് പെരുമാറിയതും അങ്ങനെയാണ്. സത്യാവസ്ഥ എന്താണെന്ന് അറിയില്ല. ഇന്നു ചേരുന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കും. അദ്ദേഹം കുറ്റക്കാരനാണെങ്കില്‍ അത് തന്നെയായിരിക്കും ഞങ്ങളുടെ ആവശ്യം.