19 തെളിവുകള്‍: ദിലീപിനെ പോലീസ് പൂട്ടിയത് ഇങ്ങനെ, സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി
പോലീസിനു ദിലീപിനെ അറസ്റ്റ് ചെയ്യാനായി ലഭിച്ച തെളിവുകള്‍ പത്തൊമ്പത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സുപ്രധാന തെളിവുകളാണ് പോലീസിന് ലഭിച്ചത്. നേരത്തെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അറസ്റ്റ് ഉണ്ടാകുകയെന്ന് ഡി.ജി.പി. വ്യക്തമാക്കിയിരുന്നു.
കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയതിന്റെ ദൃശ്യങ്ങള്‍, ലക്ഷ്യയില്‍ നിന്ന് പള്‍സര്‍ സുനിയ്ക്ക് പണം നല്‍കിയതായ വിവരം തുടങ്ങിയവ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം ലക്ഷ്യയിലെത്തി മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന് നേരത്തെ സുനി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലക്ഷ്യയില്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല, സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത കടയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുനി ലക്ഷ്യയിലെത്തിയ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതും പോലീസ് കണ്ടെത്തി.
സുനി ഈ സ്ഥാപനത്തിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരിക്കുന്നത്. ദിലീപിന്റെ സ്ഥാപനവുമായി സുനിയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നതിന്റെ സുപ്രധാന തെളിവായാണ് പോലീസ് ഇത് പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ലക്ഷ്യയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മൂന്നുതവണ ഡിലിറ്റ് ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു.
തനിക്ക് പള്‍സര്‍ സുനിയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് ദിലീപ് പലവട്ടം പറഞ്ഞിരുന്നു. പക്ഷേ ലക്ഷ്യയിലെ രേഖകല്‍ പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയുടെ കുറവു വന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തിന് ശേഷം സുനിയ്ക്ക് ഒളിവില്‍ പോകാന്‍ ഈ രണ്ടുലക്ഷം രൂപ കൈമാറി എന്നന്നാണ് പോലീസ് നിഗമനം. ഈ തെളിവുകള്‍ ഉള്‍പ്പെടെ പത്തൊന്‍പതു തെളിവുകളാണ് പോലീസ് ദിലീപിനെതിരെ കണ്ടെത്തിയിരിക്കുന്നത്. പതിനാലു ദിവസത്തേയ്ക്കാണ് ദിലീപിപ്പോള്‍ റിമാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.