മമ്മുട്ടിയുടെ വീടിനു കനത്ത സുരക്ഷ ; ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയേയ്ക്കും, അമ്മ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ നടന്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് സിനിമ താരങ്ങളുടെ വീടുകള്‍ക്കും പോലീസിന്റെ കനത്ത കാവല്‍. ഇതിന്റെ ഭാഗമായി അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കി. കൊച്ചിയിലെ പനമ്പിളളി നഗറിലെ മമ്മൂട്ടിയുടെ വീടിനാണ് പോലീസിന്റെ സുരക്ഷ.

അമ്മയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് നടന്‍ ദിലീപിനെതിരെ നടപടികള്‍ കൈക്കൊളളാത്തതിനാല്‍ വനിതാസംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. ഇന്നലെ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ വലിയ ആക്രമണം ഉണ്ടായിരുന്നു. നിലവില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. മമ്മൂട്ടിയുടെ വീട്ടില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം പുരോഗമിക്കുകയാണ്.

അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്ന് രാവിലെ 14 ദിവസത്തേക്ക് പോലീസ് റിമാന്‍ഡ് ചെയ്തിരുന്നു. ആലുവയിലെ സബ്ജയിലിലാണ് ദിലീപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പോലീസ് ഇന്ന് ഹാജരാക്കിയത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം കഴിയട്ടെ എന്നും പറയാനുളളതെല്ലാം പിന്നീട് പറയാമെന്നുമാണ് ദിലീപ് പ്രതികരിച്ചത്. തിരിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭയപ്പെടാനില്ലെന്നുമാണ് താരം പ്രതികരിച്ചത്.