പ്രമുഖനു പിന്നില്‍ മറഞ്ഞു പോയ മാലാഖമാര്‍ ; ജീവിക്കാന്‍ പൊരുതുന്നവരെ പുറമ്പോക്കിലെറിഞ്ഞ് മാധ്യമങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വന്‍ ജനപിന്തുണ നേടി മുന്നോട്ട് വന്ന നഴ്‌സിങ് സമരത്തെ ദിലീപ് വിഷയത്തില്‍ മുക്കിക്കൊന്ന് മാധ്യമങ്ങള്‍. സര്‍ക്കാര്‍ തലത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ നഴ്‌സിങ് സമരത്തില്‍ ഉന്നയിച്ച വിഷയം പരിഹരിച്ചുവെന്ന് പോസ്റ്റിട്ട മുഖ്യമന്ത്രി നേഴ്‌സുമാരെ വഞ്ചിക്കുകയായിരുന്നു എന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇനി എന്താണ് നഴ്‌സിങ് സമരം ?.. ഇന്നലെ നടന്നതെന്ത് ?..

മുഖ്യമന്ത്രിയുടെ എഫ്.ബി. പോസ്റ്റ് ഒന്നു കാണാം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് എണ്ണൂറിലധികം ബെഡുകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23760 രൂപയുമായി (ഉയരും). ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് 50% ആണ്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളില്‍പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ ആനുപാതിക (വര്‍ദ്ധനവുണ്ടാകും). ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18232 രൂപയായി (ഉയരും). ജൂലൈ 20ന് ഐ.ആര്‍.സി (വീണ്ടും യോഗം ചേര്‍ന്ന് മിനിമം വേതന ഉപദേശകസമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കും). മിനിമം വേതന ഉപദേശകസമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നല്‍കുകയും (ചെയ്യും).

പോസ്റ്റില്‍ തന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഒന്നിനും ഒരു തീരുമാനമായിട്ടില്ല. എല്ലാം ഒരു ഒത്തുതീര്‍പ്പ് ശ്രമം മാത്രമാണ്. മുഖ്യ മന്ത്രിയും സര്‍ക്കാരും ഒന്നിച്ച് നഴ്‌സിങ് സമൂഹത്തിനോടു പറയുന്നതും പട്ടിണികിടക്കാന്‍ തന്നെ അതും മാനേജ്‌മെന്റുകളുടെ കാര്‍ക്കശ്യത്തോടെ.

വര്‍ഷത്തില്‍ കോടികണക്കിന് രൂപ പരസ്യ വരുമാനം നല്‍കുന്ന ആശുപത്രികളെ ബാധിക്കുന്ന വിഷയമായതിനാല്‍ തന്നെ വാര്‍ത്താ മാധ്യമങ്ങള്‍ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. എല്ലായിടത്തും ദിലീപ് അനുബന്ധ ചര്‍ച്ചയ്ക്ക് പ്രധാന്യമേറി. സമൂഹത്തില്‍ സ്ത്രീ അപമാനിക്കപ്പെട്ടതിന്റെയും അതിനു കാരണക്കാരായവര്‍ പിടിക്കപ്പെട്ടതിന്റേയും ഒന്നും ആഘോഷമല്ലായിരുന്നു അത്.

Read more: കൃത്യ സമയത്ത് ഗോളടിച്ച് അമ്മ മനസ് : മീനാക്ഷിയെ വിട്ടുകിട്ടാന്‍ മഞ്ജുവാര്യര്‍ കോടതിയില്‍

അതിലുപരി റേറ്റിംഗ് എന്ന കടമ്പ കടക്കുന്നതിനും, ഒപ്പം ആശുപത്രികളില്‍ നിന്നുളള പരസ്യ വരുമാനം പോകാതെ സൂക്ഷിക്കുന്നതിനുമുള്ള ഏറ്റവും വലിയ ശ്രമം കൂടിയായിരുന്നു. ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്ന സമരത്തിനെക്കുറിച്ച് ആരൊക്കെ തത്സമയം വാര്‍ത്തകള്‍ നല്‍കി എന്നതും ഇന്ന് എത്രപേര്‍ ഈ വിഷയം അന്തിചര്‍ച്ചയ്ക്ക് എടുക്കുമെന്നുള്ളതും കണ്ടറിയേണ്ടിയിരിക്കുന്നു. മാന്യമായി ജീവിക്കുന്നതിന് ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങിയ നഴ്‌സുമാരെ ശമ്പളവര്‍ദ്ധനവ് പറഞ്ഞ് ഇന്നലെ സര്‍ക്കാര്‍ കബളിപ്പിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ് ?

അടിസ്ഥാന ശമ്പളം 20806 രൂപയായി പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന നിലയ്ക്കായിരുന്നു ഇന്നലെ സന്ധ്യയോടെ പുറത്തു വന്ന വാര്‍ത്തകള്‍. സര്‍ക്കാര്‍ അനുകൂലികള്‍ അത് വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുഖ്യധാര മാധ്യമങ്ങളില്‍ പലതും ഇത് ശരിവെച്ച് വാര്‍ത്തകള്‍ പടച്ചു വിടുകയും ചെയ്തു. കാരണം രാത്രിയോടെ ദിലീപ് എന്ന ചൂടുള്ള വാര്‍ത്ത അണിയറയില്‍ ഒരുങ്ങിയിരുന്നു.

ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനം GNM നഴ്‌സിന് 17200 രൂപയാണ്. എന്നാല്‍ അതില്‍ നിന്നും ഡെയ്‌ലി അലവന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് 18232 രൂപ 20 ബെഡ് വരെയുള്ള ഹോസ്പിറ്റലുകള്‍ കൊടുക്കാനും, 20-100 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 19810 രൂപയും, 100-300 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20014 രൂപയും, 500 ബെഡ് വരെയുള്ള ഹോസ്പിറ്റലിന് 20980 രൂപയും, 500-800 വരെയുള്ള ഹോസ്പിറ്റലിന് 22040 രൂപയും, 800 ബെഡിനു മുകളിലുള്ള ഹോസ്പിറ്റലിന് 23760 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഇനി ഇത്തരത്തില്‍ ശമ്പളം പുനര്‍നിര്‍ണ്ണയിച്ചെന്നിരിക്കട്ടെ എല്ലാ ആനുകൂല്യങ്ങളും ശമ്പളത്തില്‍ ലയിപ്പിച്ചു കൊണ്ടാണ് ഇതെന്നു വിസ്മരിക്കരുത്.

Read more: ദിലീപിന് ജയിലില്‍ സുഖവാസമില്ല; പാര്‍പ്പിച്ചിരിക്കുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം,സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍

എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക എന്ന ആവശ്യത്തിനായാണ് ഭൂമിയിലെ മാലാഖമാര്‍ ഈ പോരാട്ടം നയിക്കുന്നത്. അസുഖം വരുമ്പോഴും, വാര്‍ത്തകള്‍ കുറയുമ്പോഴും, വോട്ട് ബാങ്ക് മുന്നില്‍കാണുമ്പോഴുമൊക്കെയാണ് കേരളത്തിലെ നഴ്‌സുമാര്‍ പക്ഷെ മാലാഖമാരാകുന്നത്.

ഇന്ന് നടത്തിയ സമരത്തില്‍ മൊത്തം നഴ്‌സിങ് സമൂഹത്തിന്റെ മൂന്നില്‍ ഒന്നു പേര്‍ മാത്രമാണ് ഇന്ന് സമരത്തിനിറങ്ങിയത്. വര്‍ഷങ്ങളായി ശതമാനക്കണക്ക് പറഞ്ഞ് പറ്റിക്കാന്‍ ശ്രമിക്കേണ്ട. ഇവിടെ മാന്യമായി ജീവിക്കണം അതിന് രക്തം നല്‍കാനും ഈ നഴ്‌സസ് സമൂഹം തയ്യാറാണ്. – ജാസ്മിന്‍ ഷാ

ഇനി എന്തു കൊണ്ടാണ് സമരത്തിലുള്ള നഴ്‌സുമാര്‍ക്ക് ഈ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല എന്നതാണ് ഉയരുന്ന പൊതു ചോദ്യം. എന്നാല്‍ കേള്‍ക്കുക എല്ലാ നഴ്‌സുമാരും മുകളില്‍ പറഞ്ഞത് പോലുള്ള 800 ബെഡിനു മുകളിലുള്ള ആശുപത്രികളില്‍ അല്ല ജോലി ചെയ്യുന്നത്. അതു കൊണ്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് അവര്‍ വീണ്ടും തുച്ഛമായ ശമ്പളത്തില്‍ പണിയെടുക്കണം. പിന്നെ കേരളത്തെ സംബന്ധിച്ച് വിരലില്‍ എണ്ണാവുന്ന ആശുപത്രികള്‍ മാത്രമേ 800 ബെഡിനു മുകളിലുള്ളൂ എന്നത് തന്നെയാണ് മറ്റൊരു കാരണം. ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടിലേയും വീരകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലേയും നിര്‍ദേശങ്ങളോ, സുപ്രീം കോടതി വിധിയോ കണക്കിലെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

ആര്‍ക്കും ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പം ഇട്ടെറിഞ്ഞ് പോകാനാകില്ലല്ലോ?… അക്ഷരാര്‍ഥത്തില്‍ നഴ്‌സ്മാരെ കണ്‍കെട്ടില്‍ വീഴ്ത്താനുള്ള ശ്രമം എന്നതിലുപരി ഈ തുച്ഛമായ വര്‍ദ്ധനയെ എങ്ങനെയാണ് ന്യായീകരിക്കാനാവുക.