ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കിന് തയ്യാറായി നഴ്‌സുമാര്‍

ഈമാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം സുപ്രീം കോടതി നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ തയ്യാറാകുന്ന മാനേജ്‌മെന്റുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കുമെന്നും സംഘടന വ്യക്തമാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനവിലെ പൊള്ളത്തരങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി തീരുമാനിക്കാനും സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി.

17 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. ജൂണ്‍ 28 നാണ് വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യു.എന്‍.എയുടെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായി സമരം തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച നടത്തിയെങ്കിലും തൃപ്തികരമായ തീരുമാനമുണ്ടാകാത്തതിനാല്‍ ഇന്നുമുതല്‍ സമരം ശക്തമാക്കിയിരുന്നു. ആശുപത്രികളിലെ മൂന്നിലൊന്നു ഭാഗം നഴ്‌സുമാരും ഇന്ന് അവധിയെടുത്ത് സമരത്തിനെത്തിയത് ആശുപത്രികളുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.