ആ ചായ്‌വ് ഇടത്തോട്ടോ ?… വീണ്ടും കേരള കോണ്‍ഗ്രസിനെ പിന്തുണച്ച് സിപിഎം, പാലയില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വിജയം

കോട്ടയത്ത് വീണ്ടും സിപിഎം പിമ്പുണയോടെ രണ്ടില ചുവന്നു. പാലാ മണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണയോടെ കേരള കോണ്‍ഗ്രസ് എമ്മിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി.എം. ഓമനയെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് എം. സ്ഥാനാര്‍ത്ഥി റാണി ജോസഫാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

സി.പി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കേരള കോണ്‍ഗ്രസിന് അനൂകൂലമായി വോട്ട് ചെയ്തു. സി.പി.ഐ. അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി സി.പി.എം. പിന്തുണയോടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസ് നിലനിര്‍ത്തുകയായിരുന്നു. മുമ്പുള്ള ധാരണ പ്രകാരം പ്രസിഡന്റ് പദവി ആദ്യ ഒന്നരവര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീട് രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും എന്നിങ്ങനെയായിരുന്നു.

ഈ ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസിലെ ആനിയമ്മ ജോസ് ആദ്യം പ്രസിഡന്റായി. ധാരണയുടെ കാലാവധി അവസാനിച്ച് രണ്ട് മാസത്തിന് ശേഷം ഇവര്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 അംഗ ഗ്രാമപ്പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ആറും കോണ്‍ഗ്രസിന് നാലും, സി.പി.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.

Read Also: കെഎം മാണി എല്‍ഡിഎഫില്‍; ജേക്കബ് തോമസിനെ മാറ്റിയത് രംഗപ്രവേശം എളുപ്പമാക്കാന്‍

കോണ്‍ഗ്രസിലെ എന്‍.സുരേഷാണ് നിലവില്‍ വൈസ് പ്രസിഡന്റ്. അധികാരം പങ്കിടുന്നത് സംബന്ധിച്ച ധാരണ കോണ്‍ഗ്രസ് ലംഘിച്ചതിനാലാണ് കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

എന്നാല്‍ ധാരണ ലംഘിച്ചത് കേരള കോണ്‍ഗ്രസാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ധാരണ പ്രകാരമുള്ള ഒന്നരവര്‍ഷം കഴിഞ്ഞിട്ടും രാജിവെച്ച് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ല. പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് കൈമാറാതെ സി.പി.എമ്മുമായി ധാരണയുണ്ടാക്കി. ആനിയമ്മ ജോസിനെ രാജിവെപ്പിച്ച് കോണ്‍ഗ്രസിന് കൈമാറേണ്ട പ്രസിഡന്റ് സ്ഥാനം മറ്റൊരു കേരള കോണ്‍ഗ്രസ് അംഗത്തിന് നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ വഞ്ചനാപരമായ നിലപാടാണ് കേരള കോണ്‍ഗ്രസ് ഇപ്പോഴും പുലര്‍ത്തുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിനെ സി.പി.എം. പിന്തുണച്ചിരുന്നു.