പ്ലാച്ചിമടയില്‍ കൊക്കകോള ഇനി പ്ലാന്റ് തുറക്കില്ല
ന്യൂ ഡല്‍ഹി: പാലക്കാട് പ്ലാച്ചിമടയില്‍ അടച്ചുപൂട്ടേണ്ടി വന്ന പ്ലാന്റ് ഇനി തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കക്കോള കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു കമ്പനി ഇത് സംബന്ധിച്ച നിലപാട് അറിയിച്ചത്. പ്ലാന്റിന് അനുമതി നിഷേധിച്ച പഞ്ചായത്തിന്റെ നടപടിയെയും കമ്പനി ഇന്ന് കോടതിയില്‍ ചോദ്യം ചെയ്തില്ല. തുടര്‍ന്ന് സുപ്രീം കോടതി കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
2000ത്തിലാണ് കൊക്കകോള കമ്പനി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങിയത്. എന്നാല്‍ ജലസ്രോതസുകളെ പ്രതികൂലമായി ബാധിക്കുകയും പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തിനാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ല്‍ പ്രദേശവാസികള്‍ സമരം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് പെരുമാട്ടി പഞ്ചായത്ത് കമ്പനിക്ക് ലൈസന്‍സ് നിഷേധിച്ചു. ഇതിനെതിരായ ഹര്‍ജിയില്‍ 2003 ഡിസംബര്‍ 16ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് വിധി പുറപ്പെടുവിച്ചു. കമ്പനിയുടെ വ്യാവസായിക ഉത്പ്പാദനത്തിനായി പ്രദേശത്തെ ഭൂഗര്‍ഭജലം ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്പനിക്ക് മറ്റ് ജലസ്രോതസ്സുകള്‍ കണ്ടെത്തി പ്രവര്‍ത്തനം തുടരാവുന്നതാണെന്നും കോടതി വിധിച്ചു. കമ്പനി പ്രദേശത്തെ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് തടയാന്‍ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളൂവെന്നും കമ്പനിക്ക് ലൈസന്‍സ് നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു.
ഇതിനെതിരെ കമ്പനിയും പഞ്ചായത്തും വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് ശീതളപാനീയ ഉത്പാദനത്തിനായി പ്രദേശത്തെ ഭൂഗര്‍ഭജലം പ്രതിദിനം 5 ലക്ഷം ലിറ്റര്‍ വരെ ഉപയോഗിക്കാമെന്ന് 2005 ഏപ്രില്‍ 7ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്ലാന്റ് ഇനി തുറക്കാന്‍ താത്പര്യമില്ലെന്ന് കമ്പനി തന്നെ അറിയിച്ചതോടെ കേസിലെ നടപടികള്‍ക്ക് അവസാനമായി.