തെളിവെടുപ്പ് തുടരുന്നു: തൃശൂരിലെ ടെന്നീസ് ക്ലബില്‍ പോലീസ് സംഘം, തെളിവെടുപ്പ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തറിക്കാതെ

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തെളിവെടുപ്പിനായി പോലീസ് തൃശൂരില്‍. ഗൂഢാലോചന നടത്തിയെന്നു പറയപ്പെടുന്ന സ്ഥലങ്ങളായ ജോയ്‌സ് പാലസ്, ഗരുഢ ഹോട്ടല്‍ എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം ടെന്നീസ് ക്ലബില്‍ എത്തിയ പോലീസ് സംഘം തെളിവെടുപ്പ് തുടരുകയാണ്.

രാവിലെ ജനങ്ങളുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. ഇവിടെ എഐവൈഎഫ്, എ.ഐ.എസ.്എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ചിട്ടുണ്ട്. കന്നത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുക. എറണാകുളം ജില്ലയിലെ തെളിവെടുപ്പിന് ശേഷമാണ് തൃശുരിലേക്ക് സംഘം എത്തുന്നത്.

ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലോക്കേഷന്‍ പരിസരങ്ങളില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ തെളിവെടുപ്പ് നടക്കുന്നത്.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയിലും ഇന്നലെ തെളിവെടുപ്പിനായി ദീലിപിനെ എത്തിച്ചിരുന്നു. ജനത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് തൊടുപുഴയില്‍ തെളിവെടുക്കാന്‍ സാധിച്ചില്ല. നാളെ ഉച്ചയോടെ ദിലീപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.