ഷവറെടുക്കുന്നിതിനിടെ സെല്‍ഫോണ്‍ ഉപയോഗിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു
പി.പി. ചെറിയാന്‍
ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കില്‍ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥി മാഡിസന്‍ കൊ (14) ന്യൂ മെക്‌സിക്കോ ലവിംഗ്ടണിലുള്ള പിതാവിന്റെ വസതിയില്‍ ഷോക്കേറ്റ് മരിച്ചു. ജൂലായ് 9 ഞായറാഴ്ചയായിരുന്നു സംഭവം. ബാത്ത് റൂമില്‍ ഷവറെടുക്കുന്നതിനിടെ ചുവരിലുള്ള ഔട്ട്‌ലറ്റില്‍ സെല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി കുത്തിവെച്ചിരുന്നു.
ഈ സെല്‍ ഫോണില്‍ നിന്നായിരിക്കാം വൈദ്യുതി പ്രവാഹം ഉണ്ടായതും, മരണം സംഭവിച്ചതും എന്നാണ് അധികൃതരുടെ നിഗമനം കൈയ്യില്‍ പൊള്ളലേറ്റ അടയാളവും, കൈയ്യില്‍ സെല്‍ഫോണും ഉണ്ടായിരുന്നതായി മാഡിസന്റെ അമ്മൂമ്മ ഡോണ പറഞ്ഞു.
8-ാം ക്ലാസ് ഗ്രാജുവേഷന്‍ കഴിഞ്ഞ് ഹൂസ്റ്റണില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം തുടരുന്നതിന് ലബക്കില്‍ നിന്നും കുടുംബമായി ഹൂസ്റ്റണിലേക്ക് മാറി താമസിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇത്തരം അപകടങ്ങള്‍ ആര്‍ക്കും സംഭവിക്കാം സെല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ബാത്ത്‌റൂം പോലെ നനവുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് മാഡിസന്റെ ഗ്രാന്റ് മദര്‍ ഡോണ പറഞ്ഞു.