സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ ?.. മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെകെ ശൈലജ

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.സ്വകാര്യആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്‌മെന്റുകളുടെ പ്രഖ്യാപനത്തിനെതിരെ സര്‍ക്കാര്‍ നിലപാട്.

പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാനാകില്ല. സര്‍ക്കാരിന്റെ നിലപാട് നഴ്‌സുമാര്‍ക്ക് അനുകൂലമാണ്. അനുയോജ്യമായ ശമ്പളം വര്‍ധിപ്പിച്ചിട്ടും നഴ്‌സുമാര്‍ സമരം തുടരുകയാണ്. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സുമാര്‍ക്കും ജനങ്ങളോട് ഉത്തരവാദിത്വമില്ലേ എന്നും മന്ത്രി ശൈലജ പറഞ്ഞു.

അതേസമയം ആശുപത്രികള്‍ അടച്ചിട്ടുളള സമരത്തിനോട് മാനേജ്‌മെന്റുകള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് വ്യക്തമാകുന്നത്. സമരം പ്രഖ്യാപിച്ചുവെന്നത് ശരിയല്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. മറ്റ് കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം പ്രഖ്യാപിക്കും. ആശുപത്രികള്‍ അടച്ചിട്ടുളള സമരത്തിന് തങ്ങളില്ലെന്ന് കോണ്‍ഫെഡറേഷന്‍സ് ഓഫ് പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തമാക്കി.

അതേസമയം മാനേജ്‌മെന്റ് നിലപാടിനെതിരെ നഴ്‌സസ് അസോസിേഷന്‍ രംഗത്തെത്തി. അടച്ചിടുന്ന ആശുപത്രിക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് സംഘടന അറിയിച്ചു.