തെലുങ്ക് ഡോക്ടര്‍ ദമ്പതികള്‍ ഒഹായോയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
പി.പി. ചെറിയാന്
ഇന്ത്യാന ലോഗന്‍സ്പോര്‍ട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന പൈപ്പര്‍ ആര്‍ച്ചര്‍ വിമാനം (ജഅ 28) തെക്കുകിഴക്കന്‍ ഓഹിയോയില്‍ കുളത്തിലേക്ക് തകര്‍ന്നുവീണ് ഇരുവരും കൊല്ലപ്പെട്ടു.
അറുപത്തിമൂന്നുകാരനായ ഉമാ മഹേശ്വരേ കലപടപുവും (പൈലറ്റ്) അദ്ദേഹത്തിന്റെ ഭാര്യ അറുപത്തിയൊന്നുകാരി സീതാ ഗീതാ കലപടപുവും മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് ഹൈവേ പട്രോള്‍ അറിയിച്ചു.
കൊളംബസിന് 75 മൈലോളം തെക്കുകിഴക്കായി, വാഷിംഗ്ടണ്‍ കൗണ്ടിക്കടുത്ത ബെവര്‍ലി ഗ്രാമത്തില്‍ ജൂലൈ 8 നാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യാന വാഴ്സോ ബോവന്‍സെന്ററില്‍ 1993 മുതല്‍ സൈക്യാട്രിസ്റ്റായിരുന്നു ഉമാ മഹേശ്വരേ കലപടപു. ബോവന്സെന്റര് ഉമാ മഹേശ്വരേയുടെ വിയോഗത്തില്‍ കലപടപു കുടുംബത്തോടുള്ള അനുശോചനം അറിയിച്ചു.
ജൂലൈ 8ന് രാവിലെ പാര്‍ക്കേഴ്സ്ബര്‍ഗ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനവുമായി പത്തരയ്ക്ക് ശേഷം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലന്ന് അധികാരികള്‍ പറഞ്ഞു. ഉച്ചയോടെ വിമാനം കാണാനില്ലന്ന് മനസിലായി, ഉച്ചകഴിഞ്ഞതോടെ വിമാനം തകര്‍ന്നതായി കണ്ടെത്തുകയായിരുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റിബോര്‍ഡും സംഭവം അന്വേഷിക്കുന്നു.
ആന്ധപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നുള്ള ഈ ദമ്പതികള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ അമേരിക്കയിലേക്ക് കുടിയേറിയവരാണ്. കുട്ടികളുടെയും യുവാക്കളുടെയും സൈക്യാട്രിയില്‍ സ്പെഷലൈസ് ചെയ്തിരുന്നു ഡോ. സീത. ഉമാ മഹേശ്വരേയാകട്ടെ സൈക്യാട്രിസ്റ്റിയില്‍ കഴിവ് തെളിയിച്ചതിനൊപ്പം പൈലറ്റ് ലൈസന്‍സുമെടുത്തിരുന്നു. ആന്ദപ്രദേശ് ഗുണ്ടൂറിലെ എന്‍ ടി ആര് ഹെല്‍ത് വാഴ്സിറ്റിയില്‍ നിന്നാണ് ഇരുവരും ഗ്രാജുവേറ്റ് ചെയതത്.