സൗദി സര്‍ക്കാരിന്റെയും നവയുഗത്തിന്റെയും സഹായത്തോടെ രണ്ടു വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍, നാട്ടിലേയ്ക്ക് മടങ്ങി.

പഞ്ചാബ് സ്വദേശിനിയായ ലൗലി, ഒരു വര്‍ഷത്തിന് മുന്‍പാണ് അല്‍ കാസ്സിമില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. എന്നാല്‍ പത്തു മാസം കഴിഞ്ഞപ്പോള്‍ തന്നെ, മോശം ജോലിസാഹചര്യങ്ങളും, ശമ്പളം മാസങ്ങളോളം കിട്ടാത്തതും കാരണം അവര്‍ വീട് വിട്ടിറങ്ങി, വഴിയില്‍ കണ്ട ഒരു ട്രെയ്ലറില്‍ കയറി ദമ്മാമില്‍ എത്തുകയായിരുന്നു. ദമ്മാമില്‍ എത്തിയ അവര്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു അവരെ കോബാര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് ചെന്ന്, പോലീസുകാരുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു. വിസ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലൗലിയെ സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതായി മനസ്സിലാക്കിയ മഞ്ജു മണിക്കുട്ടന്‍, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കി.

ഹൈദരാബാദ് സ്വദേശിനിയായ രമാദേവി നാല് മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ ശമ്പളം കിട്ടാത്ത അവസ്ഥയും, വീട്ടുകാരുടെ മോശം പെരുമാറ്റവും മൂലം, മൂന്നു മാസങ്ങള്‍ക്ക് ശേഷം ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, പോലീസില്‍ അഭയം തേടി. അവര്‍ അവരെ വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ വെച്ച് അവര്‍ മഞ്ജു മണിക്കുട്ടനുമായി ബന്ധപ്പെടുകയും, തുടര്‍ന്ന് മഞ്ജു ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി അവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

സൗദി സര്‍ക്കാരിന്റെ പൊതുമാപ്പുമായി ബന്ധപ്പെട്ട്, രണ്ടുപേര്‍ക്കും അഭയകേന്ദ്രം അധികാരികള്‍ തന്നെ വിമാനടിക്കറ്റ് നല്‍കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.