പുതുവൈപ്പിനു പിന്നാലെ നഴ്‌സുമാരുടെ സമരത്തിനു പിന്നിലും തീവ്രവാദി ബന്ധമാരോപിച്ച് മുന്നോട്ടു പോകാന്‍ പോലീസ്

സര്‍, ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. കത്തിച്ചാമ്പലാക്കിയേനെ എല്ലാം. കാരണം അത്രയേറെ യാതനകള്‍ അനുഭവിച്ചാണ് കേരളത്തിലെ നഴ്‌സസ് സമൂഹം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. സമരത്തില്‍ നിലനിര്‍ത്താവുന്ന മന്യതയുടെ അങ്ങേ തലം വരെ അവര്‍ ഈ ഘട്ടം വരെ പാലിച്ചു പോന്നിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന ഐതിഹാസികമായ ആ സമരമുണ്ടല്ലോ അതാണോ നിങ്ങളേയും നിങ്ങളുടെ സര്‍ക്കാരിനേയും ഇത്രമേല്‍ വെറളിപിടിപ്പിച്ചിരിക്കുന്നത്. അതിനെ ഏറ്റവും എളുപ്പത്തില്‍ എതിരിടാവുന്ന ഒരു മാര്‍ഗം സമരം നയിക്കുന്ന നേതാക്കള്‍ക്കു നേരെ തീവ്രവാദി ബന്ധം ആരോപിച്ച് ഭയപ്പെടുത്തുക എന്നതു തന്നെയാണല്ലോ.

മുമ്പ് പുതുവൈപ്പിനിലും സമരം വിശ്വരൂപം കൈക്കൊണ്ടപ്പോള്‍ അവിടെയുള്ള പലരും തീവ്രവാദി ബന്ധമുള്ളവരായിരുന്നല്ലോ. അന്ന് ആ സമരവും ജീവിക്കാന്‍ വേണ്ടിയായിരുന്നു. ഇവിടെയിപ്പോള്‍ നഴ്‌സുമാരും മാന്യമായി ജീവിക്കാന്‍ തന്നെയാണല്ലോ സമരം നടത്തുന്നത്. അപ്പോള്‍ എന്തു കൊണ്ടും ചാര്‍ത്തിക്കൊടുക്കാന്‍ പറ്റുന്നത് തീവ്രവാദി ബന്ധം തന്നെയാണ്.കഴിഞ്ഞദിവസം മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ നഴ്‌സുമാരുടെ സംഘടന യു.എന്‍.എ ശക്തമായ സമരവുമായി മുന്നോട്ടുപോകുകയാണുണ്ടായത്.

Read More: ഇത് ജനങ്ങളോടുള്ള വെല്ലുവിളി: തിങ്കളാഴ്ച്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്‌മെന്റുകളുടെ ഭീഷണി 

കഴിഞ്ഞ ദിവസത്തെ സമരത്തില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ അണിനിരന്നത്. ആദ്യനിര സെക്രട്ടറിയേറ്റിനു മുന്നില്‍ അണി നിരന്നപ്പോഴും ആയിരങ്ങളാണ് തൊഴിലിടങ്ങളില്‍ കര്‍മ്മ നിരതരായത്.

ഇതിനു പുറമേ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കുമെന്നാണ് നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുള്ളത്. കൂടാതെ സെക്രട്ടറിയേറ്റിനു മുന്നില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ നിരാഹാര ആരംഭിക്കുമെന്നും യു.എന്‍.എ അറിയിച്ചു കഴിഞ്ഞു.

അതു കൊണ്ട് തന്നെ പനിക്കിടക്കയില്‍ ഉള്ള കേരളം പ്രതിസന്ധിയിലാകുമെന്നും അത് വലിയ വിഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്നവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഈ ഘട്ടത്തില്‍ ജനശ്രദ്ധ ഈ സമരമാര്‍ജ്ജിക്കുക എന്നത് ഏതു വിധേനെയും തടയിടേണിടിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് മേലധികാരികള്‍ ചുക്കാന്‍ പിടിക്കുന്നതെന്ന് നിസംശയം പറയാം.