ശ്രീറാം ദേവീകുളത്തിനോട് വിടപറഞ്ഞു ; കുടെ നിന്നിരുന്നവര്‍ക്ക് സര്‍ക്കാരും യാത്രയയപ്പ് കൊടുത്തു, ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റിയത് നാലു പേരെ

ശ്രീംറാം വെങ്കിട്ടരാമനെ ദേവികുളം സബ് കലക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനു പിന്നാലെ കയ്യേറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലുപേരെ ഒറ്റദിവസം കൊണ്ടാണ് സ്ഥലം മാറ്റിയത്. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി അട്ടിമറിക്കുന്നതാണ് റവന്യൂ വകുപ്പിന്റെ നടപടി.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ശ്രീറാം വെങ്കിട്ടരാമന്റെ സ്‌ക്വാഡിലുണ്ടായിരുന്ന അംഗങ്ങള്‍ക്കാണ് സ്ഥലം മാറ്റം. ഒഴിപ്പിക്കല്‍ നടപടികളുടെ ചുമതലയുണ്ടായിരുന്ന അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ ഒരാഴ്ച മുമ്പ് തന്നെ തൊടുപുഴയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് മറ്റ് നാല് പേരെ സ്ഥലം മാറ്റിയത്. കയ്യേറ്റ ഭൂമികളുടെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ഹെഡ് ക്ലര്‍ക്ക് ജി. ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായാണ് നിയമിച്ചിരിക്കുന്നത്.

കയ്യേറ്റം കണ്ടെത്തി പട്ടയം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേഗത കൂട്ടിയ ക്ലര്‍ക്കുമാരായ പി.കെ.സോമന്‍, പി.കെ.സിജു എന്നിവരെയും സ്ഥലം മാറ്റി. പി.കെ.സോമനെ രാജകുമാരി ഭൂമിപതിവ് ഓഫിസിലേക്കും സിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കുമാണ് മാറ്റിയിരിക്കുന്നത്. സര്‍വേ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ച സര്‍വേയര്‍ എ.ആര്‍.ഷിജുവിനെ നെടുംങ്കണ്ടത്തേക്ക് മാറ്റി.

കൊട്ടക്കാമ്പൂര്‍, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്‌ലല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമായിരുന്നു.