പത്തനം തിട്ടയില്‍ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു

പത്തനംതിട്ട കടമ്മനിട്ടയില്‍ പതിനേഴ് വയസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചതായി വാര്‍ത്തകള്‍. കല്ലേലിമുക്കിലെ പെണ്‍കുട്ടിയുടെ വീട്ടിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിറകെ നടന്നു ശല്യം ചെയ്തിരുന്ന യുവാവാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം യുവാവ് ഒളിവിലാണ് എന്ന് പോലീസ് പറയുന്നു.ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു. ഏറെ നാളായി ഇയാള്‍ പെണ്‍കുട്ടിയുടെ പിറകെ നടന്നു ശല്യം ചെയ്യുകയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച യുവാവ് വീട്ടില്‍നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് യുവാവ് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ആക്രമണം നടത്തുകയായിരുന്നു.