പശുവിറച്ചിയുടെ പേരില്‍ ബിജെപി നേതാവിനും ഗോരക്ഷാസേനാ പ്രവര്‍ത്തകരുടെ മര്‍ദനം

നാഗ്പൂര്‍ : പശുവിറച്ചി കടത്തിയെന്നാരോപിച്ച് സലീംഷാ എന്ന ബി.ജെ.പി പ്രാദേശിക നേതാവിന് ഗോസംരക്ഷകരുടെ മര്‍ദനം. ജില്ലയിലെ ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റാണ് സലീംഷാ. പശുവിറച്ചി കടത്തുകയാണെന്നാരോപിച്ച് സലീംഷായെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. വടിയും ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദ്ദനം. പശുവിറച്ചിയല്ല, കയ്യില്‍ ആട്ടിറച്ചിയാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലീംഷാ പറഞ്ഞു. പരിക്കേറ്റ സലീംഷായെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ബി.ജെ.പി അംഗമാണ് ഇയാള്‍. താന്‍ ബിജെപി നേതാവാണ്‌ എന്ന് പറഞ്ഞിട്ടും അവര്‍ മര്‍ദനം തുടരുകയായിരുന്നു എന്ന് സലിം പറയുന്നു. ഗോരക്ഷാസേനാ പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്ക് ഇതിനു മുന്‍പും ധാരാളം പേര്‍ ഇരയായിട്ടുണ്ട് എങ്കിലും ഒരു ബിജെപി നേതാവിനു തന്നെ പണി കിട്ടുന്നത് രാജ്യത്തെ ആദ്യ സംഭവമാണ്.അതേസമയം വിഷയം പശുവിറച്ചിയല്ല സലീമിന്റെ മതം മാത്രമാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.