മണിപൂര്‍: കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീകോടതി;സൈന്യം 62 കൊലപാതകങ്ങള്‍ നടത്തിയെന്നാണ് ഹര്‍ജി
മണിപൂരില്‍ ഏറ്റുമുട്ടലില്‍ നടന്ന കൊലപാതകങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് സുപ്രീകോടതി. പ്രത്യേക സൈനികാധികാരമായ അഫ്‌സ്പ നിയമത്തിന്റെ മറവില്‍ നിരപരാധികളെ സൈന്യം വെടിവെച്ചുകൊല്ലുന്നുവെന്ന ഹര്‍ജിയിലാണ് ജസ്റ്റിന്‍ മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിക്കു മുമ്പ് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന റിട്ട് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നിരപരാധികളെ കൊല്ലുകയാണെന്നാണ് പ്രധാന ആരോപണം. വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം 62 കൊലപാതകങ്ങള്‍ നടത്തിയെന്നാണ് ഹര്‍ജി ചൂണ്ടിക്കാണിക്കുന്നത്.
സൈനിക നടപടിക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞവര്‍ഷം ഇതേ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് പുന:പരിശോധിക്കണമെന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.