നഴ്‌സുമാര്‍ തിരിച്ച് ജോലിയ്ക്ക് കയറണം; ശമ്പള വര്‍ദ്ധനയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നും ആരോഗ്യ മന്ത്രി
നഴ്‌സ്മാരുടെ പണിമുടക്ക് പിന്‍വലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമരം ഉപേക്ഷിച്ച് നഴ്‌സുമാര്‍ തിരിച്ച് ജോലിക്ക് കയറണമെന്നും ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കെ.കെ. ശൈലജ അറിയിച്ചു.
നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വ്യവസ്ഥ അംഗീകരിക്കണം. ശമ്പളവര്‍ധനയുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും, എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ ആലോചിച്ച് നടപടിയെടുക്കും, അതിനായി കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എസ്മ പ്രയോഗിക്കുന്നതിനെക്കുറിച്ചു വിധിയുടെ പൂര്‍ണരൂപം ലഭിച്ചശേഷം തീരുമാനിക്കും. സംസ്ഥാന ഗവണ്‍മെന്റിന് ചെയ്യാനാവുന്ന ആദ്യഘട്ടത്തില്‍ തന്നെ ചെയ്തുകഴിഞ്ഞു. വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നത് തൊഴില്‍ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. സ്വകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും അവര്‍ പറഞ്ഞു.