വര്‍ഗീയ പരാമര്‍ശം ; സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം : വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൂടാതെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദമായത്.
‘മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. ആദ്യം വേണ്ടത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍’ എന്നായിരുന്നു സെന്‍കുമാറിന്റെ ഒരുപരാമര്‍ശം.
‘എന്തുകൊണ്ടാണ് ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും’ എന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.