ഒടുവില്‍ എസ്എഫ്ഐ സംഘപരിവാര്‍ അജണ്ടയ്ക്കു മുന്നില്‍ മുട്ടുമടക്കി; കേരളവര്‍മ്മ കോളജിലെ ബാനര്‍ എടുത്തു മാറ്റി

തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യാനായി എസ്.എഫ്.ഐ. സ്ഥാപിച്ച വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചിത്രമടങ്ങുന്നബോര്‍ഡിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തീവ്രഹിന്ദുത്വ ശക്തികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും കലയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനെതിരെയായിരുന്നു എസ്.എഫ്.ഐയുടെ ബാനര്‍.

എന്നാല്‍ സംഘപരിവാര്‍ പ്രചരണങ്ങളെ ഭയന്നു തന്നെയാണ് ഇപ്പോള്‍ എസ്.എഫ്. ഐ ബാനറുകള്‍ നീക്കം ചെയ്തിരിക്കുന്നത്. ഫാസിസ്റ്റുകളുടെ ആക്രമണത്തിന് ഇരയായി രാജ്യം വിടേണ്ടി വന്ന എംഎഫ് ഹുസൈന്റെ ‘നഗ്‌നയായ സരസ്വതി’ എന്ന ചിത്രമായിരുന്നു ബാനറില്‍ ഉണ്ടായിരുന്നത്.

കോളേജിനകത്ത് സ്ഥാപിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. ചിത്രം ഹിന്ദുമതത്തെ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.

ബാനറിന് പിന്തുണയര്‍പ്പിച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും സംഘപരിവാറിന്റെ പ്രചാരണത്തിന് മുന്നില്‍ എസ്.എഫ്.ഐ. വഴങ്ങുകയായിരുന്നു. മതവിശ്വാസം വ്രണപ്പെടരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ ചിത്രം നീക്കം ചെയ്യുന്നു എന്നാണ് കേരളവര്‍മ്മ എസ്.എഫ്.ഐയുടെ വിശദീകരണം.

എഫ്.ബി. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിലപാട് …..

എസ് എഫ് ഐ ശ്രീകേരള വർമ്മ യൂണിറ്റ് നവാഗതരെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ക്യാംപസിൽ വരച്ചു വച്ച “എം എഫ് ഹുസൈനി”ന്റെ വിഖ്യാതമായ ചിത്രത്തെ ചുറ്റി പറ്റി ഒരു വിഭാഗം നടത്തുന്ന വ്യാപകമായ വർഗീയ പ്രചരണങ്ങൾ ശ്രദ്ധയിൽ പെടുകയാണ്..നിലപാട് തീർച്ചയായും വ്യക്തമാണ്..സംഘപരിവാർ രാഷ്ട്രീയത്തിന്റെ വാൾമുനത്തുമ്പിൽ , ആക്രോശങ്ങളിൽ നാടുകടത്തപ്പെട്ട ഒരു പ്രതിഭയോടുള്ള ഐക്യപ്പെടൽ മാത്രമാണിത് ..അവർ കാണരുതെന്ന് പറഞ്ഞ ഒരു കലാസൃഷ്ടിയെ നിങ്ങൾക്കുമുന്നിൽ തുറന്നു കാണിക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണത് ….ഒരു മത വികാരവും വ്രണപ്പെടരുതെന്നും ഒരു ആരാധനാലയവും തകർക്കപ്പെടരുതെന്നും ഈ രാജ്യത്തിന്റെ ഹൃദയത്തോട് വിളിച്ചു പറഞ്ഞ അതേ വൈകാരികത മാത്രമാണ് ഞങ്ങൾ പങ്കു വക്കുന്നത് …കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേൽ നടക്കുന്ന സംഘപരിവാർ ആക്രമണങ്ങളെ കലയെ കലാപമാക്കി പ്രതിരോധിക്കണമെന്ന ഞങ്ങളുടെ രാഷ്ട്രീയം തന്നെയാണ് ഈ ചിത്രം..ഒരു പക്ഷെ ഈ ചിത്രത്തിന്റെ ഉദ്ദേശ ശുദ്ധി തെറ്റിധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഞങ്ങൾ ഖേദിക്കുന്നു ..ഒരു മതവിശ്വാസവും വ്രണപ്പെടരുതെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു …അതുകൊണ്ട് തന്നെ ഈ ചിത്രം എസ്‌ എഫ് ഐ നീക്കം ചെയ്തിരിക്കുന്നു .സംഘപരിവാറിന്റെ ഈ വിഷയത്തെ കേന്ദ്രീകരിച്ചുള്ള സംഘടിതമായ നീക്കങ്ങളെ മതേതര നിലപാടുകളിലൂടെ ചെറുത്തു കൊണ്ട് അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്ത്ഥിക്കുന്നു …

SFI