ട്രയല്‍ റണ്‍ ഇന്നു : കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ
കൊച്ചി മെട്രോ ഇന്ന് നഗര ഹൃദയത്തിലേക്ക്. പാലാരിവട്ടം മുതല്‍ എം.ജി. റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ട്രയല്‍ റണ്‍ ഇന്നു രാവിലെ നടക്കും. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ പാതയിലെ മെട്രോ സര്‍വീസ് അടുത്ത മാസം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍.
അവസാന നിമിഷമുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്നലെ രാത്രിയോടെ പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയില്‍ ഇന്ന് തന്നെ ട്രയല്‍ റണ്‍ നടത്താന്‍ മെട്രോ തീരുമാനിച്ചത്.
രാവിലെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ട്രയല്‍ റണ്‍ ആരംഭിക്കും. ട്രയലിന് മുന്നോടിയായി മെട്രോ ട്രാക്കിലെ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്‌നല്‍ സംവിധാനങ്ങളും ഇന്നലെ രാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കിയെന്ന് ഉറപ്പ് വരുത്തി. സര്‍വീസിനുള്ള ട്രെയിനും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചു സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എം.ജി. റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവയാണ് അവ.
ഒരു മാസം തുടരുന്ന ട്രയല്‍ റണ്‍ വിജയകരമെങ്കില്‍ അടുത്ത മാസം അവസാന വാരത്തോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്. മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല.
ഈ പാതയിലെ 60 ശതമാനം നിര്‍മാണ പ്രവര്‍ത്തനമാണ് ഇത് വരെ തീര്‍ന്നത്. ഓഗസ്റ്റ് അവസാനത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കെഎംആര്‍എല്ലിന് കൈമാറുമെന്ന് ഡി.എം.ആര്‍.സി. അറിയിച്ചിട്ടുണ്ട്. പാളം നിര്‍മാണം, വൈദ്യുതീകരണം എന്നിവയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. സിഗ്‌നലിങ്, ടെലി കമ്മ്യൂണിക്കേഷന്‍ ജോലികള്‍ നടക്കുകയാണ്.