‘ ഡി സിനിമാസ് ‘ പുറമ്പോക്ക് ഭൂമിയിലോ ?… കലക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുളള നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെക്കുറിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തിന്‍മേലാണ് അന്വേഷണം. റവന്യൂ മന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയ്യേറ്റര്‍ പണിതതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

തിയേറ്റര്‍ കൈയേറ്റഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്ക്  ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുന്നു. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്നും പരാതിക്കാരനായ അഭിഭാഷകന്‍ കെ.സി. സന്തോഷ് ആരോപിച്ചിരുന്നു.

1964ലെ ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ ഭൂമി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും പരാതിയിലുണ്ട്. ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്. നേരത്തെ കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.