റഷ്യന്‍ ചാരന്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ മകന്‍ നടത്തിയ യോഗത്തില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ട്
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ ‘ഇടപെടല്‍’ ഉണ്ടായെന്ന വാദത്തെ ശരിവച്ച് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറും റഷ്യന്‍ അഭിഭാഷക നതാലിയ വെസെല്‍നിറ്റ്സ്‌കായയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ റഷ്യന്‍ ചാരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന ആരോപണം നേരിടുന്ന, ഇപ്പോള്‍ റഷ്യന്‍ അമേരിക്കന്‍ ലോബിയിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന റിനാത്ത് അഖ്മെതിഷിന്‍ കൂടി പങ്കെടുത്തെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ കൂടിക്കാഴ്ചയില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഹിലറി ക്ലിന്റനെ ബാധിക്കുന്ന രഹസ്യ വിവരം ട്രംപ് ജൂനിയറിനു ലഭിച്ചുവെന്നാണു സംശയിക്കുന്നത്.
അതേസമയം, താന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ റഷ്യന്‍ ചാരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നുമാണ് ഇരട്ട പൗരത്വമുള്ള റിനാത്ത് അഖ്മെതിഷിന്റെ നിലപാട്. 2016 ജൂണ്‍ ഒന്‍പതിനായിരുന്നു കൂടിക്കാഴ്ച. മാത്രമല്ല, ഇയാള്‍ക്ക് ഇപ്പോഴും റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടെന്നും നിരവധി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എട്ടുപേരായിരുന്നു അന്ന് ആ യോഗത്തില്‍ പങ്കെടുത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണള്‍ഡ് ട്രംപ് അവരോധിതനായി അധികം വൈകാതെ ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍ കെട്ടിടത്തില്‍വച്ചായിരുന്നു യോഗം. ഇങ്ങനെയൊരാള്‍ പങ്കെടുത്തിരുന്ന കാര്യം ട്രംപ് ജൂനിയര്‍ പുറത്തുവിട്ടിരുന്നില്ല.
ട്രംപിന്റെ പ്രചാരണത്തിന്റെ മാനേജര്‍ പോള്‍ മനാഫോര്‍ട്ട്, മരുമകന്‍ ജറാദ് കുഷ്നര്‍ തുടങ്ങിയവരും പങ്കെടുത്തതു യോഗത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അഭിഭാഷകയ്ക്കൊപ്പം പരിഭാഷകനും പങ്കെടുത്തു. പരിഭാഷകന്റെ പേര് അവര്‍ പുറത്തുവിട്ടില്ലെങ്കിലും റഷ്യക്കാരനായ അനാറ്റൊലി സമോചോര്‍നോവ് ആണെന്ന് യുഎസ് മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല, യോഗത്തില്‍ അഖ്മെതിഷിനും അഭിഭാഷക നതാലിയയും കുറച്ചു രേഖകള്‍ കൊണ്ടുവന്നെന്നും ഇവ ട്രംപ് ജൂനിയര്‍ക്കു കൈമാറിയിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനധികൃത പണമൊഴുക്കുകളെക്കുറിച്ചുള്ള വിവരങ്ങളായിരുന്നുവെന്നു നതാലിയ വിശ്വസിക്കുന്നുണ്ടെന്നുമായിരുന്നു എപി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്നു രാവിലെയാണ് നതാലിയ തന്നോട് യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ജീന്‍സും ടി – ഷര്‍ട്ടും ധരിച്ചാണ് യോഗത്തിനെത്തിയതെന്നും അഖ്മെതിഷിന്‍ പറഞ്ഞു. റഷ്യന്‍ സര്‍ക്കാര്‍ നല്‍കിയ രേഖകളാണോ ഇതെന്നു വ്യക്തമല്ലെന്നും അഖ്മെതിഷിന്‍ എപിയോടു വ്യക്തമാക്കുന്നുണ്ട്. രേഖകളിലെ വിവരങ്ങള്‍ക്കു തെളിവുണ്ടോയെന്ന ചോദ്യത്തിന് അതു ട്രംപിന്റെ പ്രചാരണ വിഭാഗം തന്നെ അന്വേഷണം നടത്തി ഉറപ്പു വരുത്തണമെന്നായിരുന്നു നതാലിയ പറഞ്ഞതെന്നും ഇതു കേട്ടതോടെ ട്രംപ് ജൂനിയറിന് വിഷയത്തില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടെന്നും എപിക്കു നല്‍കിയ പ്രസ്താവനയില്‍ അഖ്മെതിഷിന്‍ പറയുന്നു.
അതേസമയം, മുന്‍ എഫ്ബിഐ മേധാവി റോബര്‍ട്ട് മുള്ളര്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ഈ ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കുന്നുണ്ട്.