നഴ്‌സുമാരുടെ സമരത്തില്‍ ഹൈക്കോടതി മധ്യസ്ഥതയ്ക്ക്; യുഎന്‍എ യോഗം ചേരുന്നു
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരും. ഐ.എം.എയും മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അനിശ്ചിതകാല സമരത്തില്‍ തീരുമാനമെടുക്കാന്‍ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ. അല്‍പ സമയത്തിനകം യോഗം ചേരും.
സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നഴ്‌സസ് അസോസിയേഷന്റെ യോഗം തൃശൂരില്‍ ചേരുന്നത്. നിയമ നടപടിയുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും സമര ഭാവി എന്തായിരിക്കണമെന്നതടക്കമുളള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് എതിരെ ‘എസ്മ’ ( അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സമരക്കാര്‍ മനുഷ്യജീവന് വില നല്‍കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.
അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യു.എന്‍.എയെ സംബന്ധിച്ച് ഹൈക്കോടതി ഇടപെടല്‍ വലിയ തലവേദനയാകും. ഒന്നുകില്‍ ഹൈക്കോടതിയെ പ്രകേപിപ്പിക്കാതെ 19 വരെ യുഎന്‍എ കാത്തിരിക്കണം അല്ലാത്ത പക്ഷം എസ്മ യെ നേരിട്ട് സമരത്തിനിറങ്ങണം എന്തായാലും യുഎന്‍എ നിലപാട് തന്നെയാണ് പ്രധാനം