രാഷ്ട്രീയ സമ്മര്‍ദം: പോലീസിന് മൂക്കുകയറിട്ട് ഭരണ പ്രതിപക്ഷം കക്ഷികള്‍, രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യേണ്ട,സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ട

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നതങ്ങളിലേക്കു നീങ്ങാതിരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാകുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇന്നു പ്രത്യേക അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തും.

പ്രത്യേക അന്വേഷണസംഘത്തിലെ ഐ.ജി. ദിനേന്ദ്ര കശ്യപ് അടക്കമുള്ളവരുമായി സംസ്ഥാന പോലീസ് മേധാവി ഇന്നു കൂടിക്കാഴ്ച നടത്തുന്നുണ്ട്. എം.എല്‍.എമാര്‍ അടക്കം ഇരു മുന്നണികളിലെയും ചില രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറെടുക്കുന്നതിനിടയിലാണു ഉന്നതതല രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കുന്നത്.

ഭരണ പ്രതിപക്ഷ സമ്മര്‍ദം ശക്തമായതോടെ എം.എല്‍.എമാരെ തത്കാലം ചോദ്യം ചെയ്യേണ്ടെന്നാണു കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള നിര്‍ദേശമെന്നാണു സൂചന.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എം.എല്‍.എമാര്‍ അടക്കമുള്ളവരുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇവരില്‍ ചിലരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ദിലീപ് പോലീസിനു മൊഴി നല്‍കിയിരുന്നു എന്നാണ് വിവരങ്ങള്‍. എന്നാല്‍, കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഭാഗങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നാണു ലഭിച്ച നിര്‍ദേശമെന്നാണു വിവരം.

നടിക്കെതിരേ ദിലീപിനു ദേഷ്യമുണ്ടാകാനുള്ള കാരണങ്ങളിലുള്ള അന്വേഷണം തുടരും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അടക്കമുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നുണ്ട്. ഈ കേസില്‍ ആരോപണ വിധേയരായ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതു തുടരുമെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടു ദിലീപിനെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവ് ഇന്നലെ വരെ പോലീസിനു ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രിയിലെ ചോദ്യം ചെയ്യലില്‍ നടിയെ ആക്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ അടക്കമുള്ളവരുടെ മൊഴി പോലീസ് എടുത്തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണു വിവരം.