സെന്‍കുമാര്‍ നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശവും തങ്ങളുടെ പക്കലുണ്ടെന്ന് മലയാളം വാരിക പത്രാധിപര്‍; ലേഖകനോട് പറഞ്ഞതല്ലാതെ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ അതീവ മോശം പരാമര്‍ശം നടത്തിയെന്ന് സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തല്‍. വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ കത്ത് ഡി.ജി.പിക്ക് കൈമാറിയത്.

അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍കോളിനിടെ നടിയെക്കുറിച്ച് അദ്ദേഹം മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.

സ്ത്രീകളെ ആകമാനം അപമാനിക്കുന്ന വാക്കുകളാണ് സെന്‍കുമാര്‍ ഉപയോഗിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. ഇത് പുറത്തുവന്നാല്‍ സെന്‍കുമാറിന്റെ മുഖംമുടി അഴിയും. അഭിമുഖത്തിനിടെ ഇടയ്ക്കിടെ സെന്‍കുമാറിന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതില്‍ ഒരു ഫോണ്‍ സംഭാഷണത്തിലാണ് നടിയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്.

ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തത്തിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ വെളിപ്പെടുത്തി. ലേഖകനോട് സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച റെക്കോഡുകള്‍ പരിശോധിക്കാം. സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെയുണ്ടായിരുന്നുവെന്നും സജി ജയിംസ് ഡി.ജി.പിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്.