തെലുങ്ക് സിനിമാലോകത്തും കോലാഹലം: ലഹരി വിവാദത്തില്‍ രവി തേജ, ചാര്‍മി, പുരി ജഗന്നാഥ് തുടങ്ങി 11 പേരെ ചോദ്യം ചെയ്യും

ഹൈദരാബാദ്: തെലുങ്ക് സിനിമാലോകത്ത് ലഹരി വിവാദം. ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം സിനിമാ രംഗത്തെ 12 പേര്‍ക്ക് തെലങ്കാന എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. തെലുങ്കിലെ സൂപ്പര്‍താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി, മുമൈദ്ഖാന്‍ തുടങ്ങി 12 പേര്‍ക്കാണ് നോട്ടീസ് അയച്ചത്. ജൂലൈ 19നും 27നും ഇടയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് നടന്‍മാരും ഒരു സംവിധായകനും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ കരുതുന്ന ഏതാനും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജൂലൈ നാലിനു പിടിയിലായ ഒരു റാക്കറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

എസ്ഐടി പിടികൂടിയ റാക്കറ്റിലെ 11 പേര്‍ നടത്തിയ കുറ്റസമ്മത മൊഴിയില്‍ തെലുങ്ക് ചലച്ചിത്രമേഖലയിലെ ആളുകളെപ്പറ്റിയുള്ള ബന്ധം സ്ഥിരീകരിക്കുന്നുണ്ട്. മയക്കുമരുന്ന് റാക്കറ്റുമയി ബന്ധമുണ്ടെന്നു ഞങ്ങള്‍ കരുതുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് തെലുങ്കാന എക്സൈസ്(എന്‍ഫോഴ്സസ്മെന്റ്) ഡയറക്ടര്‍ അകുന്‍ സുബര്‍വാള്‍ സ്ഥിരീകരിക്കുന്നു. രവി തേജ, പി നവ്ദീപ്, തരുണ്‍ കുമാര്‍, എ തനിഷ്, പി സുബ്ബരാജു, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍ എന്നിവരും പോക്കിരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ 39 സിനിമകള്‍ സംവിധാനം ചെയ്ത തെലുങ്കിലെ പ്രമുഖ സംവിധായകനായ പുരി ജഗന്നാഥ്, ഛായാഗ്രാഹകന്‍ ശ്യാം കെ നായിഡു, ഗായകന്‍ ആനന്ദ കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍ ധര്‍മ റാവു എന്നിവര്‍ക്കാണു നോട്ടീസ് അയച്ചിരിക്കുന്നത്. എസ് ഐ ടി യുടെ പിടിയിലായ ഡ്രഗ് ഡീലര്‍ കാല്‍വിന്‍ മസ്‌കരാനസിന്റെ കൈയില്‍ നിന്നും കിട്ടിയ ഫോണില്‍ സിനിമാക്കാരുടെ നമ്പരുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് കാല്‍വിന്‍. എല്‍എസ്ഡി, എംഡിഎംഎ എന്നിങ്ങനെ അറിയപ്പെടുന്ന ലഹരിവസ്തുക്കളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. നാസയിലെ മുന്‍ ഉദ്യോഗസ്ഥനും ഇന്തോഅമേരിക്കന്‍ എയറോസ്പേസ് എഞ്ചിനീയറുമായ 29 കാരനെ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടയില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് തെലുങ്ക് സിനിമാലോകം. രവി തേജയുടെ സഹോദരന്‍ ഭരത് രാജ് കഴിഞ്ഞ മാസമാണ് ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് അറിയുന്നത്. സഹോദരന്റെ മൃതദേഹം കാണാനോ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനോ രവി തേജയും മറ്റു കുടുംബാംഗങ്ങളും പോകാതിരുന്നത് വാര്‍ത്തയായിരുന്നു. അതേസമയം തങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നു തേജയും ചാര്‍മിയും പുരി ജഗന്നാഥും പറഞ്ഞു.

തെലുങ്ക് സിനിമതാരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) നേരത്തെ അംഗങ്ങള്‍ക്ക് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നോട്ടീസ് നല്‍കിയിരുന്നു. ലഹരി ഉപയോഗം സ്വന്തം ജീവിതം മാത്രമല്ല, സിനിമമേഖലയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കുമെന്നും മാ പ്രസിഡന്റ് ശിവാജി രാജ പറഞ്ഞിരുന്നു. തെലുങ്ക് സിനിമയെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന നടപടികളൊന്നും പൊലീസ് എടുക്കരുതെന്നും ഏതെങ്കിലും ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് മൊത്തംപേരെയും കുറ്റക്കാരാക്കരുതൈന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും നിര്‍മാതാവ് അല്ലു അരവിന്ദ് വ്യക്തമാക്കി.