വിവാഹദിനത്തില്‍ മന്ത്രിയുടെ മകള്‍ക്ക് ജനങ്ങളുടെ വക മുട്ടയേറ് (വീഡിയോ)

എല്ലാവര്‍ക്കും തങ്ങളുടെ വിവാഹദിനം ഒരിക്കലും മറക്കുവാനാകാത്ത ഒരു ദിവസമാണ്. എന്നാല്‍ ബ്രസീലുകാരിയായ വിക്ടോറിയ ബറോസിനു തന്റെ വിവാഹദിനം മറക്കുവാനാകത്തത് വേറെ ചില ഓര്‍മ്മകള്‍ കൊണ്ടാകും. നവവധുവിന്റെ വസ്ത്രം അണിഞ്ഞ് വിവാഹത്തിന് എത്തിയ വിക്ടോറിയയെ ജനങ്ങള്‍ വരവേറ്റത് മുട്ട എറിഞ്ഞായിരുന്നു. ആ നാട്ടിലെ ആചാരമാണ് ഇതെന്ന് കരുതി എങ്കില്‍ തെറ്റി. വിക്ടോറിയയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് ഇത്തരത്തില്‍ പുറത്ത് വന്നത്. ബ്രസീലില്‍ ആരോഗ്യമന്ത്രി റിക്കാര്‍ഡോ ബറോസിന്റെ മകളാണ് വിക്ടോറിയ. ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് അവര്‍ പ്രകടിപ്പിച്ചത്.

വിവാഹച്ചടങ്ങുകള്‍ നടന്ന പള്ളിയ്ക്കു മുമ്പില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്. ചടങ്ങുകള്‍ക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാര്‍ മരിയയ്ക്കു നേരെ ചീമുട്ടകള്‍ എറിയുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിവിഐപികള്‍ക്കും കിട്ടി മുട്ടയേറ്. ബ്രസീലിയന്‍ കോണ്‍ഗ്രസിലെ മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത ആര്‍ഭാടം നിറഞ്ഞ വിവാഹമായിരുന്നു നടന്നത്. ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേല്‍ തെമറിനോടും അദ്ദേഹത്തിന്റെ മന്ത്രിസഭയോടുമുള്ള പ്രതിഷേധം രൂക്ഷമാവുന്നതിന്റെ സൂചനയായാണ് കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പിരാനാ സ്റ്റേറ്റ് അസംബ്ലി അംഗവും കൂടിയാണ് മരിയ.