അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന് ചൈന

ബീജിങ് : സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്ത്. ഇന്ത്യ പിന്‍വാങ്ങിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ഒരു തരത്തിലുമുള്ള ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ചൈന അറിയിച്ചു. ‘ഇപ്പോഴത്തെ സംഭവങ്ങളില്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ല. ഡോക്ലാമില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ സൈന്യം നിര്‍ബന്ധമായും പിന്‍വാങ്ങണം. ഇത് ചൈനയുടെ അതിര്‍ത്തിയാണ്’ പ്രസ്താവനയില്‍ പറയുന്നു. പാകിസ്താന്‍ ചൈനയുടെ ഉരുക്ക് സഹോദരനാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ ബന്ധപ്പെടുത്തി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് 2013ലും 2014ലും പ്രശ്‌നങ്ങള്‍ അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും ചൈന മുന്നറിയിപ്പു നല്‍കി.