ഗൂഢാലോചന : ദൃക്‌സാക്ഷികള്‍ രഹസ്യ മൊഴി നല്‍കി, കേസില്‍ നിര്‍ണ്ണായകം, അപ്പുണ്ണിയ്ക്കായ് വലവിരിച്ച് പോലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു ദൃക്‌സാക്ഷികളായ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവര്‍ ദിലീപ് നായകനായ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ഷൂട്ടിങ്ങിനിടെ കണ്ടിരുന്നുവെന്നാണ് വിവരം. കാലടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്.

അറസ്റ്റിലായ പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയില്‍ തെളിയിക്കാന്‍ ഏറെ നിര്‍ണായകും ഈ മൊഴികള്‍ എന്നാണ് പോലീസ് കരുതുന്നത്. ഇരുവരും നടത്തിയ സംഭാഷണത്തിന്റെ എന്തെങ്കിലും വിവരങ്ങള്‍ ഇവര്‍ കേട്ടിരുന്നോ എന്ന് വ്യക്തമല്ല. അതേസമയം, പള്‍സര്‍ സുനി കുറ്റകൃത്യം നടത്തിയശേഷം അഭിഭാഷകനായ പ്രതീഷ് ചാക്കോയെയും, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും കണ്ടെത്താനുളള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.

നടി ആക്രമണ കേസിന്റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ ഇരുവരുടെയും മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാക്കാനാകു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ എതിര്‍ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്ക് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അപ്പുണ്ണിയെ പോലീസ് ഒരുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ദിലീപിന്റെ അറസ്റ്റിനു മുമ്പു തന്നെ അപ്പുണ്ണി പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടുപിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപിന്റെ അറസ്റ്റിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോകുന്നത്.