‘ ജനപ്രിയനാകാന്‍ ‘ കൊടുത്ത ക്വട്ടേഷനും വിനയായി; കൊച്ചിയിലെ ഏജന്‍സിക്ക് പൂട്ടുവീഴും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജനപ്രിയപട്ടം തിരികെപ്പിടിക്കാന്‍ നടത്തിയ സൈബര്‍ ക്വട്ടേഷന്‍ വിനയായി. പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന കൊച്ചിയിലെ പെയിഡ് പത്രക്കാര്‍ ഉടന്‍ പിടിയിലാകും. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി സൈബര്‍ പ്രചാരണം ഏറ്റെടുത്ത അതേ ഏജന്‍സി തന്നെയാണ് ദിലീപിനമ് വേണ്ടിയും എത്തിയിരിക്കുന്നത്.
നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനി എന്ന ക്രിമിനലിന് ക്വട്ടേഷന്‍ കൊടുത്തതിന് വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് പറയുമ്പോഴാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നത്. കൂടാതെ പണം നല്‍കി അത്തരം വാര്‍ത്തകല്‍ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ വഴി പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ മറന്നുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ശ്രമം ശക്തമായിക്കൊണ്ടിരിക്കയാണ്.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് ഇത്തരത്തില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പോലീസിനേയും ആക്രമിക്കപ്പെട്ട നടിയേയും അപകീര്‍ത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങള്‍ക്കുവേണ്ടി ‘സൈബര്‍ ക്വട്ടേഷന്‍’ ഏറ്റെടുത്ത പബ്ലിക്ക് റിലേഷന്‍സ് (പി.ആര്‍) സ്ഥാപനത്തിനെതിരെ നിയമ നടപടിയുണ്ടാവും.
സൈബര്‍ ക്രൈം അനവേഷിക്കുന്ന ഡോം വിഭാഗം ഇത്തരം സംഭവത്തില്‍ തെളിവുകള്‍ ശേഖരിച്ചുതുടങ്ങി. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണു ക്രിമിനല്‍ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ച് പോലീസിനെതിരെ ഇത്തരത്തില്‍ ആക്രമണമുണ്ടായത്. അറസ്റ്റിലായ നടന്‍ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കും സൈബര്‍ ക്വട്ടേഷന്‍ സംഘം നേതൃത്വം നല്‍കുന്നുണ്ട്. മാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാന്‍ അറിയപ്പെടുന്ന പലര്‍ക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളില്‍ ദിലീപ് അനുകൂല പോസ്റ്റുകളും പോലീസിനെയും മാധ്യമങ്ങളെയും പരിഹസിക്കുന്ന ട്രോളുകളും നിറഞ്ഞത്. ഇതില്‍ ചില ദിലീപ് പോസ്റ്റുകള്‍ക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകള്‍ സൃഷ്ടിച്ചതായും പോലീസ് കണ്ടെത്തി. പത്തിലധികം പുതിയ ഓണ്‍ലൈന്‍ പത്രങ്ങളും ദിലീപ് അനുകൂല വാര്‍ത്തകളുമായി സൈബര്‍ ലോകത്തു സജീവമായി. ഇതില്‍ വിദേശത്തു രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ ഐ.ഡികളും ഉള്‍പ്പെടുന്നു.
എന്നാല്‍, ദിലീപിനുവേണ്ടി നടത്തിയ ഇത്തരം നീക്കങ്ങള്‍ പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷന്‍ ആയുധമാക്കുകയായിരുന്നു. അറസ്റ്റിനുശേഷം ദിലീപിന് അനുകൂലമായി പൊതുജനവികാരം രൂപപ്പെടുത്തുകയും അകന്നുപോയ ആരാധകരെ തിരികെക്കൊണ്ടുവരികയുമാണു പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന ചില ദിലീപ് ചിത്രങ്ങളുടെ നിര്‍മാതാക്കളും ഇതിനു പിന്നിലുണ്ട്.
വന്‍തോതില്‍ പണം കൈപ്പറ്റിയാണ് ഈ ഏജന്‍സിയുടെ പ്രചരണ തന്ത്രം. നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഈ ഏജന്‍സി ശ്രമിച്ചിരുന്നു. നൂറ് കണക്കിന് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്ത മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വേണ്ടി വിവരങ്ങള്‍ ശേഖരിച്ചിരുന്നത് ഈ ഏജന്‍സിയാണ്. ഇതിനായി ചില സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളെയും ഇവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്.