നഴ്‌സിങ് സമരത്തെ നേരിടാനുറച്ച് സര്‍ക്കാര്‍ ; വിദ്യാര്‍ഥികളെ ജോലിയ്ക്കിറക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്, വേതനം 150 രൂപ

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്‌സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. സമരം നടക്കുന്ന ആശുപത്രികളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടറിന്റെ ഉത്തരവില്‍ പറയുന്നു. ജോലിക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.തീരുമാനം നാളെ മുതല്‍ നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് സമരത്തിലാണ്. പനി പടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണക്കൂടത്തിന്റെ ഇടപെടല്‍.

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങില്ലെന്ന് നഴ്‌സുമാരുടെ സംഘടന ഇന്നലെ അറിയിച്ചിരുന്നു. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ബുധനാഴ്ച വരെ സമരം മാറ്റിവെക്കുകയാണെന്നാണ് യു.എന്‍.എ. അറിയിച്ചിരുന്നു.