വിദ്യാര്‍ഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്നത് സര്‍ക്കാരിന്റെ പ്രാക്യതമായ നടപടി യുഎന്‍എ; ജനങ്ങള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ
ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യു.എന്‍.എ. ജില്ലാ കളക്ടറുടെ നടപടിയെ അപലപിക്കുന്നുവെന്നു യു.എന്‍.എ. പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
സര്‍ക്കാര്‍ രോഗികളുടെ ജീവന്‍വച്ച് പന്താടരുത്. വിദ്യാര്‍ഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാരിന്റെ പ്രാക്യതമായ നടപടി ജനങ്ങള്‍ തിരിച്ചറിയണമെന്നും പരിശീലനം പൂര്‍ത്തിയാക്കാത്ത നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്കു കാരണമാകുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
നഴ്‌സുമാരുടെ സമരത്തിനെതിരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിന്യസിച്ച് പ്രതിസന്ധി മറികടക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെതിരെയാണ് യു.എന്‍.എ. നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.