മറ്റൊരു നടിയെയും ആക്രമിച്ചു: മാനഭംഗ ക്വട്ടേഷന്‍ നല്‍കിയത് കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവ്
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി മറ്റൊരു നടിയെ ആക്രമിച്ചിരുന്നെന്നും, ഒരു പ്രമുഖ നിര്‍മാതാവിനു വേണ്ടിയായിരുന്നു ഈ ക്വട്ടേഷനെന്നും റിപ്പോര്‍ട്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെ സംഭവത്തിനു സമാനമായായാണ് ആ നടിക്കു നേരെയും ക്വട്ടേഷന്‍ നടത്തിയത്.
കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിനു വേണ്ടിയാണ് അന്ന് സുനി നടിയെ ആക്രമിച്ചത്. നിര്‍മാതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. അന്ന് ആക്രമണത്തിനിരയായ നടി അന്വേഷണത്തോട് സഹകരിക്കാന്‍ തയാറായ സാഹചര്യത്തിലാണ് നടപടി.
പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയത് ഈ നിര്‍മാതാവില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന സൂചന. കോട്ടയം, പത്തനംത്തിട്ട എന്നിവിടങ്ങളില്‍ ദിലീപും നിര്‍മാതാവും തമ്മില്‍ ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. നിലവില്‍ ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലും ഈ നിര്‍മാതാവ് ആണെന്നാണ് വിവരം.