തങ്ങളെ തിരിഞ്ഞു നോക്കിയത് വിജയ്‌ മാത്രം എന്ന് തമിഴ് കര്‍ഷകര്‍

ചെന്നൈ : സിനിമാ താരമായ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ. പൊതു വേദിയില്‍ അധികം സംസാരിക്കുവാന്‍ കൂട്ടാക്കാത്ത വിജയ്‌ ഈയിടയ്ക്ക് ഒരു പൊതുചടങ്ങില്‍ മുഖ്യമായും സംസാരിച്ചത് നമ്മുടെ നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് കര്‍ഷകരുടെ പങ്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍. രാജ്യം വികസിക്കണം വികസനം വേണം എന്നൊക്കെ പറയാറുണ്ട്. പക്ഷെ അടിയന്തരമായി ശ്രദ്ധ ചെലുത്തേണ്ടത് കാര്‍ഷിക രംഗത്താണ് എന്ന് അദ്ധേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരു സ്വര്‍ണ്ണക്കട മുതലാളി സ്വര്‍ണ്ണം വാങ്ങുവാന്‍ മറ്റൊരു സ്വര്‍ണ്ണക്കടയില്‍ പോകാറില്ല അതുപോലെ വസ്ത്രവ്യാപാരം നടത്തുന്ന ഒരാള്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് മറ്റൊരു തുണിക്കടയില്‍ പോകാറില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ കൃഷിപണി ചെയ്യുന്ന ഒരു കൃഷിക്കാരന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിന് റേഷന്‍ കടകളുടെ മുന്‍പില്‍ ക്യൂ നില്‍ക്കുകയാണ് എന്ന് അദ്ധേഹം പറയുന്നു.

‘എന്റെ നന്‍മയ്ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ നമ്മുടെ എല്ലാവരുടെയും നന്‍മയ്ക്ക് ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. കര്‍ഷകര്‍. അവര്‍ ഇപ്പോള്‍ കടന്നുപോകുന്നത് വളരെ മോശമായ അവസ്ഥയിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇതാണ് ഒരു മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. അതില്‍ ഭക്ഷണം തരുന്നവരാണ് കര്‍ഷകര്‍ എന്ന സത്യം നാം മറക്കരുത്. വിശപ്പിന്റെ വില അറിയാത്തത് കൊണ്ടായിരിക്കാം ഞാനടക്കമുള്ളവര്‍ പലപ്പോഴും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഓര്‍ക്കാത്തത്. പൈസ കിട്ടിയാല്‍ പോലും ഭക്ഷണം കിട്ടാത്ത അവസ്ഥ വന്നാല്‍ മാത്രമേ നാം അത് തിരിച്ചറിയൂ. ഇപ്പോള്‍ തന്നെ നാം അനാരോഗ്യകരമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇനി നാം ഉറക്കം നടിച്ചാല്‍ അടുത്ത തലമുറയുടെ ദുരിതം വര്‍ദ്ധിക്കും അദ്ധേഹം ഓര്‍മ്മപ്പെടുത്തുന്നു. വിജയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നദീ സംയോജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ സംഘടനയിപ്പോള്‍. വിജയ്‌ അല്ലാതെ മറ്റൊരു സിനിമാ താരം പോലും ഞങ്ങള്‍ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിച്ചിട്ടില്ല. ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രക്ഷോഭം അവസാനിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ആദരിക്കുവാനാണ് തങ്ങളുടെ തീരുമാനം എന്നും കര്‍ഷകര്‍ പറയുന്നു.