കേരളത്തില്‍ നേഴ്സുമാര്‍ തുടരുന്ന അവകാശസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിയന്ന മലയാളി അസോസിയേഷന്‍
വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്‍ (വി.എം.എ) നേഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത്. ‘മക്കളെ നിങ്ങള്‍ ചെയ്യുന്നത് മഹത്തായ കര്‍മ്മമാണ് അതിനാല്‍ കൂലി കുറഞ്ഞാലും സേവനം മുടങ്ങരുത്’ എന്ന രീതി ക്രൂരതയാണെന്നും, സാധാരണ ജീവിത നിലവാരത്തിലെങ്കിലും ജീവിക്കാനുള്ള വേതനം ബന്ധപ്പെട്ട അധികാരികള്‍ കേരളത്തിലെ നേഴ്സുമാര്‍ക്ക് ഉറപ്പാക്കണമെന്നും വി.എം.എ ആവശ്യപ്പെട്ടു.
‘മഹത്തരമായ ജോലിയാണ് ഒരു നേഴ്സിന്റേത്. വിയന്നയില്‍ ജീവിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ സാധാരണ കുടുംബങ്ങളില്‍ നിന്ന് നഴ്‌സിംഗ് പഠിച്ചിറങ്ങാനുള്ള പ്രാരാബ്ധങ്ങള്‍ അറിയാവുന്നവരാണ് പ്രവാസികള്‍. കൂടുതല്‍ പേരും തങ്ങളുടെ കുടുംബങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവാസികളായവരാണ്. അതേസമയം എല്ലവര്‍ക്കും പ്രവാസികളാകാനോ, ഉയര്‍ന്ന ജീവിത നിലവാരം തേടി വിദേശത്ത് ചേക്കാറാനോ സാധിക്കില്ല. അതുകൊണ്ടു തന്നെ സ്വന്തം നാട്ടില്‍ അന്തസായി ജീവിക്കാനുള്ള വേതനം നേഴ്സിങ് തൊഴിലാക്കിയവര്‍ക്ക് ലഭ്യമാക്കേണ്ടത് ഇന്നിന്റെ അത്യാവശ്യമാണ്’, വി.എം. എയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. അവിടെ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും, അവര്‍ക്കൊപ്പം സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ആതുരസേവകരുടെയും കഠിന പ്രയത്‌നമാണ് ഈ മികവിന്റെ പിന്നില്‍. ആ സേവനങ്ങള്‍ക്ക് അര്‍ഹമായ വേതനം തീര്‍ച്ചയായും കിട്ടിയിരിക്കണം. അത് അവകാശമാണ്. നേഴ്സുമാരുടെ ഈ അവകാശ സമരത്തിന് വിയന്ന മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് സോണി ചേന്നുംകര, ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കല്‍ എന്നിവര്‍ അറിയിച്ചു.
വിവിധരാജ്യങ്ങളിലുള്ള പ്രവാസി സംഘടനകള്‍ UNAയ്ക്ക് പിന്തുണയുമായി കടന്നുവന്ന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റു രീതിയിലും സമരത്തെ പിന്തുണയ്ക്കണമെന്നും വി.എം.എ ആഹ്വാനം ചെയ്തു.