മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ് അഡ്മിഷന്‍ കിട്ടാത്തത് ; വിദ്യാഥിയുടെ പോസ്റ്റിനെ തള്ളി വിടി ബല്‍റാം, നല്ല കര്‍ഷകനെ നാടിന് കിട്ടട്ടേയെന്നും ….

അഡ്മിഷന്‍ തരപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ കൃഷിപ്പണിക്കിറങ്ങുകയാണെന്ന് എഫ് ബി പോസ്റ്റിട്ട ലിജോയ്ക്ക് വി.ടി. ബല്‍റാം എം.എല്‍.എയുടെ മറുപടി. സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റിലെന്നും, ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ലെന്നും വി.ടി. ബല്‍റാം പറയുന്നു.

താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നത്. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണ്.

അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണെന്നും ലിജോ ജോയിയുടെ എഫ്ബി പോസ്റ്റിനെ ആധാരമാക്കി ബല്‍റാം പറയുന്നുണ്ട്. കൂടാതെ കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല. നിരാശാബാധിതര്‍ മാത്രം ചെയ്യേണ്ടതുമല്ല കൃഷി. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെയെന്നും ബല്‍റാം പറയുന്നു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പൊന്ന് അനുജാ,
സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്‍. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല. സവര്‍ണ്ണ സമുദായങ്ങളില്‍പ്പെട്ട ഒരുപാട് മിഡില്‍ ക്ലാസ് ചെറുപ്പക്കാര്‍ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്‍ പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട് ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.
1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്‍ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്‍ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്‍ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്‍ നടത്തപ്പെടുന്നത്. ആ കൂട്ടത്തില്‍ താങ്കള്‍ക്ക് ഉള്‍പ്പെടാന്‍ കഴിയാതെ പോയത് താരതമ്യേന മാര്‍ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണ്.
2) ഇത് മനസ്സിലാക്കാന്‍ താങ്കളടക്കം പലര്‍ക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവര്‍ക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാള്‍ക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.
3) ‘കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്‍’ താങ്കള്‍ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്‍ കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്‍ക്കും, പ്രത്യേകിച്ച് താങ്കള്‍ പറഞ്ഞ ‘താഴ്ന്ന ജാതിയില്‍പ്പെട്ട കൂട്ടുകാര്‍ക്ക്’ ഇല്ല. സഹപാഠികള്‍ക്കിടയില്‍ ഒന്ന് അന്വേഷിച്ചാല്‍ മനസ്സിലാവും.
4) ഇങ്ങനെ അവര്‍ക്കുള്ള പലതരം പരിമിതികളേയും മുന്നില്‍ക്കണ്ട് അവര്‍ക്ക് നല്‍കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്‍കിയില്ലെങ്കില്‍ നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്‍ മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നല്‍കിയിട്ടും പല സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.
5) കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്‍ മാത്രം ചെയ്യേണ്ട ഒന്നല്ല.
അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്‍ഷകനെ നാടിന് കിട്ടട്ടെ.

Read Also: നിങ്ങളെന്നെ കര്‍ഷകനാക്കി; വിദ്യാഥിയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു, ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്ന് ലിജോ