ഇന്ത്യയെ ചൊടിപ്പിക്കാന്‍ ടിബറ്റില്‍ ശക്തിപ്രകടനം നടത്തുന്ന ചൈനീസ് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്ത്
ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി പിന്‍മാറണമെന്നു ആവശ്യപ്പെട്ടതിനു തൊട്ടടുത്തദിവസമാണ് സേനാപ്രകടനത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്. ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സൂചന.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ബ്രിഗേഡാണ് ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പ് ഉള്‍പ്പെടെയുള്ള സൈനികാഭ്യാസം നടത്തിയതെന്ന് ഒരു ചൈനീസ് മാധ്യമം വെളിപ്പെടുത്തി. എന്നാല്‍, ഏതു ദിവസമാണ് പരീശീലനം നടന്നതെന്നത് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് അഭ്യാസം നടന്നതെന്നാണ് കരുതുന്നത്. വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം. സേനയെ സജ്ജരാക്കാനുള്ള പരിശീലനമാണ് നടന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സൈനികാഭ്യാസത്തിന്റെ വിഡിയോ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ചൈനയുടെ കൈവശമുള്ള ടൈപ്പ് 96 യുദ്ധടാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തര്‍ക്കപ്രദേശമായ ദോക് ലായില്‍ ചൈന റോഡുപണി നടത്താന്‍ തീരുമാനിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. തര്‍ക്കഭൂമിയിലെ റോഡു നിര്‍മാണത്തിനെതിരെ ഭൂട്ടാനാണ് ആദ്യം രംഗത്തെത്തിയത്. ഇവര്‍ ഇന്ത്യയിലെ ചൈനീസ് എംബസിയില്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ സഹായവും അവര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ഇന്ത്യ ചൈനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങള്‍. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താല്‍, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാല്‍, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു പൂര്‍ണമായി വിച്ഛേദിക്കാന്‍ വരെ അവര്‍ക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം നല്‍കിയിരിക്കുന്നത്.
At 5,000 meters above sea level, PLA soldiers hold 11 hours of live-fire drills in #Tibet to improve combat capability at high altitudes. pic.twitter.com/uXuubjEMYM
— Global Times (@globaltimesnews) July 17, 2017