വികെ ശശികലയുടെ ജയില്‍ സുഖവാസം റിപ്പോര്‍ട്ട് ചെയ്ത ഡിഐജി രൂപയെ സ്ഥലംമാറ്റി ; ഇനി ട്രാഫിക്കില്‍

എ.ഐ.ഡി.എം.കെ. നേതാവ് വി.കെ. ശശികലയുടെ ജയിലിനുളളിലെ ആഡംബര ജീവിതം റിപ്പോര്‍ട്ട് ചെയ്ത ജയില്‍ ഡി.ഐ.ജിക്ക് സ്ഥലംമാറ്റം. കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയില്‍ ഡി.ഐ.ജി. ഡി. രൂപയെയാണ് അഴിമതി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനും കര്‍ശന നടപടി എടുക്കണമെന്നും നിര്‍ദേശം നല്‍കിയതിനും പിന്നാലെ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. ട്രാഫിക്കിന്റെയും റോഡ് സുരക്ഷയുടെയും ചുമതലയുളള ഡി.ഐ.ജി. ആയിട്ടാണ് രൂപയുടെ പുതിയ നിയമനം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ. ശശികല നയിക്കുന്നത് അത്യാഡംബര ജീവിതമാണെന്നും ജയില്‍ അധികൃതര്‍ക്ക് വന്‍ തുക കൈക്കൂലി നല്‍കി ചിന്നമ്മ ജയിലില്‍ സുഖജീവിതം നയിക്കുകയാണെന്നും ഡി.ഐ.ജി. രൂപ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തമായി പ്രത്യേക അടുക്കള മുതല്‍ എല്ലാ തരത്തിലുമുള്ള ആഡംബരത്തോടെയുമാണ് എ.ഐ.ഡി.എം.കെ. അധ്യക്ഷ ശിക്ഷാ കാലയളവില്‍ കഴിയുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക ജയില്‍ ഡി.ജി.പി. സത്യനാരായണ റാവുടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചതും.

ശശികലയ്ക്ക് പുറമേ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധരായ തടവുകാര്‍ക്കും അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ മുദ്രപത്ര കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ കരീം തെല്‍ഗിയെ സേവിക്കാനായി മറ്റ് തടവുകാരെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ജയിലില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.