മീന്‍ വില്‍ക്കുന്ന വക്കീലും , ബിരുദധാരിയും ; ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ച് രണ്ടു യുവതികള്‍

തൃശൂര്‍: മലയാളികള്‍ക്ക് പൊതുവേ പ്രിയം വൈറ്റ് കോളര്‍ ജോലികളോടാണ്. മേലനങ്ങാതെ കൂലിവാങ്ങുവാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്നവരുടെ കണക്കെടുത്താലും ഒന്നാംസ്ഥാനം നമ്മള്‍ മലയാളികള്‍ക്കാകും. കേരളത്തിലെ അന്യദേശ ജോലിക്കാരുടെ കണക്ക് എടുത്താല്‍ മാത്രം മതിയാകും മലയാളികളുടെ കള്ളപ്പണി മനസിലാക്കുവാന്‍. നാടിന്റെ വികസനത്തിന് മുന്നിട്ടിറങ്ങേണ്ട യുവാക്കളാണ് മടിയന്മാരില്‍ മുന്‍പില്‍. പട്ടിണി കിടക്കേണ്ടി വന്നാലും പല തൊഴിലിനോടും മലയാളികള്‍ക്ക് പുച്ഛമാണ്. എന്നാല്‍ ചെയ്യാന്‍ മനസുണ്ടെങ്കില്‍ ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടു യുവതികള്‍. വാടാനപ്പള്ളി മേപ്പറമ്പില്‍ കൊച്ചയ്യപ്പന്റെ മകള്‍ പ്രിയ, വലപ്പാട് കോതകുളം പതിശേരി ജയസേനന്റെ മകള്‍ മനീഷ എന്നിവരാണ് മീന്‍ കച്ചവടം ചെയ്ത് ജീവിതത്തിന്റെ പുതുവഴി തേടുന്നത്.

എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയായ പ്രിയ ബിരുദധാരിയായ മനീഷ എന്നിവരാണ് അയ്യന്തോളില്‍ വഴിയരികില്‍ മീന്‍ വില്‍ക്കുന്നത്.
ചേറ്റുവ ഹാര്‍ബറില്‍ നിന്ന് പച്ചമീന്‍ വാങ്ങി ഇവര്‍ തൃശൂരിലെത്തിക്കും. രണ്ടരയ്ക്ക് കച്ചവടം തുടങ്ങിയാല്‍ ആറരയോടെ തീരും. ബിഎ പഠനംമുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. വിവിധ തൊഴില്‍ മേഖല തേടിയെങ്കിലും സ്വന്തം നാട്ടിലെ കടലും മീനും ജീവിതോപാധിയാക്കുകയായിരുന്നു. ആദ്യം തൃശൂരില്‍ ഫ്ളാറ്റുകളിലാണ് മീന്‍ നല്‍കിയത്. വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തു. ഫോണ്‍ വഴി ഓര്‍ഡറെടുത്ത് മീന്‍ വൃത്തിയാക്കി നല്‍കും. തുടര്‍ന്ന് ഇരുവരും മണലൂരില്‍ വിഷ്ണുമായ ഫിഷ്സ്റ്റാള്‍ തുടങ്ങി.
ഇതിനിടെ പ്രിയ വിദൂരവിദ്യാഭ്യാസപദ്ധതി വഴി ബംഗളൂരു ആര്‍എംഎല്‍ കോളേജില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു. ഒരു ലക്ഷത്തോളം രൂപ പഠനച്ചെലവുണ്ട്. ഈ പണം സ്വന്തമായി കണ്ടെത്താനാണ് മീന്‍ കച്ചവടത്തിനിറങ്ങിയതെന്ന് പ്രിയ പറഞ്ഞു. ഇടയ്ക്ക് ബംഗളൂരുവില്‍ ക്ളാസിന് പോവും. ഈ സമയം മനീഷ കച്ചവടം തുടരും. ഇപ്പോള്‍ രണ്ടാംവര്‍ഷ പരീക്ഷകഴിഞ്ഞു. വീണ്ടും മീന്‍ കച്ചവടത്തില്‍ സജീവമായി. അടുക്കളയില്‍ ഒതുങ്ങിയാല്‍ ഒന്നും നേടാനാവില്ലെന്ന തിരിച്ചറിവിലാണ് പുറത്തിറങ്ങിയത്. ആരും മോശമായി പറഞ്ഞില്ല. കൂട്ടുകാരെല്ലാം പ്രോത്സാഹിപ്പിച്ചതായും പ്രിയ പറഞ്ഞു.
പ്രിയയുടെ അച്ഛന്‍ കൊച്ചയ്യപ്പന്‍ 40 വര്‍ഷമായി അയ്യന്തോള്‍ കാഞ്ഞാണി റോഡില്‍ വണ്ടിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു.ചേറ്റുവയില്‍ നിന്ന് ഓട്ടോയില്‍ മീന്‍ എത്തിച്ചാണ് കച്ചവടം. അച്ഛന്റെ കൈയൊടിഞ്ഞതോടെ വണ്ടി ഉന്താനാവാതായി. ഇതോടെയാണ് പ്രിയയും മനീഷയും ഒരാഴ്ചയായി ഇവിടത്തെ കച്ചവടം ഏറ്റെടുത്തത്.