പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു.

എം.എല്‍.എമാരായ പി.ടി. തോമസ്,അന്‍വര്‍ സാദത്ത് എന്നിര്‍ക്കും മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.നടി ആക്രമിക്കപ്പെട്ടതിന് ശേഷം പി.ടി. തോമസ് നടന്‍ ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു. അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിന്റെ മൊഴിയെടുത്തത്.