പ്രവാസി വോട്ടവകാശം; കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിയ്ക്കുക: നവയുഗം
ദമ്മാം: പ്രവാസിവോട്ട് സംബന്ധിച്ച് കേന്ദ്രം എന്തു നടപടി സ്വീകരിച്ചുവെന്നതിനെകുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ ഉള്‍ക്കൊണ്ട്, പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള നടപടികള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ന്യായമായ ആവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. അത് അവസാനിപ്പിയ്ക്കാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.
സാങ്കേതികതയിലായാലും മറ്റേത് രംഗങ്ങളിലായാലും ഇന്ത്യയെക്കാള്‍ പിറകിലുള്ള രാജ്യങ്ങള്‍ പോലും പ്രവാസി വോട്ട് നടപ്പാക്കിക്കഴിഞ്ഞു. അതുകൊണ്ട് വോട്ടിങ് നടപ്പാക്കുന്നതിലെ സങ്കീര്‍ണ്ണതകളെപ്പറ്റിയുള്ള വാദങ്ങള്‍ പ്രസക്തമല്ല.
വിദേശ ഇന്ത്യക്കാര്ക്ക് വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്ശവും ചരിത്രത്തില് ഇടംപിടിക്കുമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയം അഭിപ്രായപ്പെട്ടു
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചാല്‍ പ്രവാസികളുടെ ക്ഷേമാന്വേഷണത്തിന് നിര്‍ബന്ധമായും ജനപ്രതിനിധികള്‍ മുന്‌കൈയ്യെടുക്കും. നല്ല പ്രവര്ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്ക്ക് നിഷ്പക്ഷമായി വോട്ട് ചെയ്യാനാഗ്രഹിക്കുന്ന, പെറ്റനാടിന്റെ വളര്ച്ചയെ ഗൗരവത്തോടെ നോക്കിക്കാണുന്നവരാണ് പ്രവാസികള്‍. നാട്ടിലെ ഭരണചക്രം ആരുടെ കൈയിലെത്തണമെന്ന് തീരുമാനിക്കുന്നത് പ്രവാസികള് കൂടി ചേര്ന്നാവുമ്പോള്‍, പ്രവാസികളുടെ വിഷയങ്ങള്‍ അര്ഹിക്കുന്ന ഗൗരവത്തോടെ ചര്ച്ച ചെയ്യാന്‍ ഭരണനേതൃത്വം തയ്യാറാവും. അതിനാല്‍ പ്രവാസി വോട്ടവകാശം പ്രവാസിക്ഷേമത്തിനും അത്യാവശ്യമാണെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രമേയം ചൂണ്ടിക്കാട്ടി.