സ്വകാര്യ ആശുപത്രികളില്‍ ജോലിയ്ക്ക് പോകാനാവില്ലെന്ന് വിദ്യാര്‍ഥികള്‍; കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധം
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. പരിയാരം മെഡിക്കല്‍ കോളജില്‍ ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്ന വിദ്യാര്‍ഥികള്‍ കളക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറായില്ല.
ഇരുപതോളം വിദ്യാര്‍ഥികള്‍ കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ചാണ് ഇവര്‍ ജോലിക്കെത്തുന്നതിന് വിസമ്മതിച്ചത്.
നഴ്‌സുമാര്‍ക്ക് പകരം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്‌സിങ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ ആശുപത്രികളില്‍ നിയോഗിച്ചു. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് വിദ്യാര്‍ഥികളെ ജോലിക്ക് എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നഴ്‌സിങ് കോളജുകളിലെ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നത്. കലക്ടറുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് നഴ്‌സിങ് കോളജുകളില്‍ ക്ലാസുണ്ടാവുക. സമരത്തില്‍ പങ്കെടുക്കാത്ത നഴ്‌സുമാരും ജോലികള്‍ക്കെത്തിയിട്ടുണ്ട്.
ജോലിക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപ വീതം പ്രതിഫലം നല്‍കണമെന്നമെന്ന് ഇന്നലെ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ പോലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐ.എന്‍.എ. വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു