രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യണം: വികാരിയച്ചന് വിശ്വാസിയുടെ കത്ത്
പാലാ: ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരി അച്ചന് ഒരു വിശ്വാസി നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി അഗസ്റ്റിന്‍ തെരുവത്ത് സംഭാവന ആവശ്യപ്പെട്ട് വിശ്വാസികള്‍ക്ക് നല്‍കിയ കത്തും അതിനു വിശ്വാസി നല്‍കിയ മറുപടിയുമാണ് വൈറലായത്.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യണമെന്നാണ് കത്തിന്റെ ഉള്ളടക്കം. സംഭാവന നല്‍കിയാല്‍ മാതാവ് നിങ്ങളെ അനുഗ്രഹിക്കുന്നും കത്തില്‍ പറയുന്നു. 20,000 രൂപ ആണ് കത്തിലൂടെ ആവശ്യപ്പെട്ടിരുക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്ത്:
ബഹുമാനപ്പെട്ട വികാരിയച്ചന്‍ അറിയുന്നതിന്,
പള്ളിയില്‍ ചെന്ന് ഒരു മെഴുകുതിരി കത്തിച്ച് മാതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. മഴക്കാലമാണ് പണിയില്ല, പനിയാണെങ്കില്‍ കുടുംബമടക്കം വന്നിട്ടു രണ്ടാഴ്ചയായി. മരുന്നും കഞ്ഞിക്കുള്ള അരിയും വാങ്ങുന്നത് തന്നെ മത്തായി മാപ്പിളയോട് അദേഹം പ്രതീക്ഷിയ്ക്കുന്ന പലിശയ്ക്ക് കടം വാങ്ങിയിട്ടാണ്. സര്‍വ്വോപരി പാലാക്കാരനായ ഞാന്‍ എല്ലാവരേയും പോലെ പറമ്പിന്നു കിട്ടുന്ന ഇച്ചരെ റബര്‍ ഷീറ്റും ഒട്ടുപാലും വിറ്റാണ് പിള്ളേരെ പഠിപ്പിക്കുന്നതും കുടുംബം പോറ്റുന്നതും. ഇത്തവണ മഴക്കാലത്ത് റബ്ബറിനു പ്ലാസ്റ്റിക്കിടാന്‍ പോലുമുള്ളത് കിട്ടിയിട്ടില്ല. റബ്ബറിനു വില കൂട്ടുന്ന കാര്യം പുണ്യാളന്‍ മുഖേന മാതാവിനെ അറിയിച്ചിട്ടും ചര്‍ച്ചയില്‍ ഒരു തീരുമാനമായിട്ടില്ല. ഇന്തോനേഷ്യയില്‍ നിന്നുള്ള റബ്ബര്‍ കയറ്റുമതി കുറയണം എന്നാണ് പുണ്യാളന്‍ പറയുന്നത്. മോദിയായതു കൊണ്ട് നേരില്‍ കാര്യം പറയാന്‍ മാതാവിനൊരു ചമ്മല്‍. എന്നാലും ശരിയാക്കാം എന്നു അറിയിച്ചിട്ടുണ്ട്.
വളരെ ബുദ്ധിമുട്ടായതിനാല്‍ ആശുപത്രി പണിയുടെ പേരില്‍ മാതാവ് പ്രതീക്ഷിയ്ക്കുന്ന തുകയില്‍ ഇളവു നല്‍കിയിട്ടുണ്ട്. ഉള്ളത് വച്ച് 500 രൂ. നല്‍കിയാല്‍ മതിയെന്നും, പണമുണ്ടെന്ന് കരുതിയാണ് ആ തുക പ്രതീക്ഷിച്ചതെന്നും മാതാവ് പറഞ്ഞു. ആയതിനാല്‍ എന്റെ തുകയായ 500 രൂ. സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
എന്ന്
ഒരു വിശ്വാസി.
NB: കുട്ടികളുടെ സ്‌കൂള്‍ ഫീസ് കുറയ്ക്കുന്ന കാര്യം മാനേജര്‍ അച്ചനെ ഇന്നു രാത്രി സ്വപ്നത്തിലൂടെ അറിയിക്കാം എന്ന് മാതാവ് പറഞ്ഞിട്ടുണ്ട്. smile emoticon:)
Kadapad : Rinosh Arayathinal