രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ 20ന്. വ്യക്തമായ മുന്‍തൂക്കമെന്ന് എന്‍ഡിഎ
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഈ മാസം 20നാണ് വോട്ടെണ്ണല്‍. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണു വോട്ടെണ്ണുക.
എന്‍.ഡി.എ. സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. ബീഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ബീഹാര്‍ സ്വദേശിയായ മീരാകുമാര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമാണ്. എന്‍.ഡി.എ. ഘടകകക്ഷികള്‍ക്കു പുറമെ ജെ.ഡി.യു, ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, എ.ഐ.ഡി.എം.കെ. കക്ഷികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി തുടങ്ങി 17 പാര്‍ട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്. കേരളത്തില്‍ നിന്ന് ഒരാളുടെ വോട്ടേ കോവിന്ദിന് കിട്ടാന്‍ സാധ്യതയുള്ളൂ. ബി.ജെ.പി. എം.എല്‍.എ. ഒ. രാജഗോപാലിന്റേതാണ് അത്. നേരത്തെ എം.പി. വീരേന്ദ്രകുമാര്‍ കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിരുന്നു.
പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എം.എല്‍.എമാര്‍ അതത് സംസ്ഥാന നിയമസഭാ മന്ദിരത്തിലുമാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റിന്റെ 62ാം മുറിയിലാണ് എം.പിമാരുടെ വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ലമന്റില്‍ ലോക്‌സഭ, രാജ്യസഭ സെക്രട്ടറിമാരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക. നിയമസഭ സെക്രട്ടറിമാരായിരിക്കും സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍. നിലവിലെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 25നാണ് സ്ഥാനമൊഴിയുന്നത്. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഈ മാസം 25 ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സംസ്ഥാനങ്ങള്‍ തിരിച്ച് ഒരുക്കിയിരിക്കുന്ന ആറ് ടേബിളുകളില്‍ അതത് സംസ്ഥാനത്തുനിന്നുള്ള എം.പി.മാര്‍ വോട്ടുചെയ്യണം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.പിമാരായ പ്രധാനമന്ത്രി നരേന്ദ്രമോഡി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട് ചെയ്യും. എം.പിമാര്‍ക്ക് അതത് സംസ്ഥാനത്തുള്ള കേന്ദ്രത്തിലും വോട്ട് ചെയ്യാം. എം.എല്‍.എമാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കേന്ദ്രത്തില്‍ വോട്ടുചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പ്രത്യേക പേന ഉപയോഗിച്ചാണ് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. ഇല്ലെങ്കില്‍ വോട്ട് അസാധുവായി പ്രഖ്യാപിക്കും. എം.പിമാര്‍ക്ക് പച്ചനിറത്തിലും എം.എല്‍.എമാര്‍ക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റ് പേപ്പറുകളാണ് നല്‍കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള 138 എം.എല്‍.എമാര്‍ നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കിയ ബൂത്തിലാണ് വോട്ട് ചെയ്യുക. പാറക്കല്‍ അബ്ദുള്ള ചെന്നൈയിലായതിനാല്‍ തമിഴ്‌നാട് നിയമസഭാ സമുച്ചയത്തിലെ ബുത്തിലായിരിക്കും വോട്ടുചെയ്യുക. കേളത്തില്‍ നിന്നുള്ള എം.പിമാര്‍ ആരും കേരളത്തില്‍ വോട്ടുച്ചെയ്യുന്നില്ല. നിയമസഭാ സമുച്ചയത്തിലെ 604ാം നമ്പര്‍ മുറിയിലാണ് ബൂത്ത്. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഓരോ പോളിങ് ഏജന്റിനെ നിയമിക്കാം. കേരളത്തില്‍ ബി.ജെ.പിയുടെ ഏജന്റ് ഒ.രാജഗോപാല്‍ തന്നെയാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 10,98,903 ആണ് ആകെ വോട്ട് മൂല്യം. 543 ലോക്‌സഭ അംഗങ്ങളും 233 രാജ്യസഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മൂന്‍തൂക്കം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.