ടൊവീനോയുടെ കട്ട ഫാനാണ് ഞാന്‍: ശ്രീറാം വെങ്കിട്ടരാമന്‍
കൊച്ചി: ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് രസകരമായ മുഹൂര്‍ത്തങ്ങള്‍ സദസിനു ലഭിച്ചത്. മലയാളത്തില്‍ ഉദിച്ചുയരുന്ന യുവനടന്‍ ടൊവീനോ തോമസും, ചുരുങ്ങിയ സമയം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ മുന്‍ മൂന്നാര്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും ഒര വേദിയില്‍ തമാശകള്‍ പറഞ്ഞും സെല്‍ഫി എടുത്തതും താരങ്ങളായി.
വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് ഒത്തുകൂടിയ ചടങ്ങില്‍ സ്വന്തം തൊഴില്‍ കൊണ്ട് കയ്യടി നേടി ഉയരങ്ങള്‍ കീഴടക്കിയ ശ്രീറാമിനെയും ടൊവീനോയെയും എംഎല്‍എ ഹൈബി ഈഡന്‍ സദസിനു പരിചയപ്പെടുത്തി. തമാശ പറഞ്ഞും പൊട്ടിചിരിച്ചും ഇടയ്ക്ക് ഒന്ന് ഉപദേശിച്ചും പിന്നെ സെല്‍ഫി എടുത്തും സദസ്സിനെ ഇവര്‍ കയ്യിലെടുത്തു.
ഐഎഎസ് കിട്ടിയപ്പോള്‍ ആദരിക്കാനായി എംഎല്‍എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ഇത് പോലെ ഇറങ്ങിയതാണ്. പ്രസംഗിച്ച് ഷൈന്‍ ചെയ്യുമെന്ന് സുഹൃത്തിനോട് പറഞ്ഞായിരുന്നു യാത്ര. പക്ഷെ ഇടയ്ക്ക് വെച്ച് കാര്‍ പഞ്ചറായി. സമയം തെറ്റരുത് എന്ന് വിചാരിച്ച് കാര്‍ തള്ളി അവിടെയെത്തിയപ്പോള്‍ ശശി തരൂരും ആസിഫ് അലിയും. അതോടെ എല്ലാം തീര്‍ന്നു ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.
ഇത്തവണ പോസ്റ്ററില്‍ എന്റെയും എംഎല്‍എയുടെയും പേര് മാത്രം. പ്രസംഗിച്ച് കലക്കാമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. ഇവിടെയെത്തിയപ്പോള്‍ ടൊവീനോ തോമസ് ഇരിക്കുന്നു. പ്രസംഗം ചീറ്റിപോയെങ്കിലും സാരമില്ല. ടൊവീനോയുടെ കട്ട ഫാനാണ് ഞാന്‍. അതുകൊണ്ടു വിഷമമൊന്നുമില്ല, ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.
ടൊവീനോയോടൊപ്പം ഒരു സെല്‍ഫി എടുക്കണം എന്ന് ശ്രീറാം പറഞ്ഞപ്പോള്‍ സദസ് നിര്‍ത്താതെ കയ്യടിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 15ാം റാങ്ക് ലഭിച്ച ബി സിദാര്‍ത്ഥ്, പത്താം ക്ലാസ്, പ്ലസുടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, എന്നിവരെ ആദരിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ശ്രീറാം.
തുടര്‍ന്ന് പ്രസംഗിച്ച ടൊവീനോയും സദസ്സിനെ ഇളക്കിമറിച്ചു. എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് അഭിനയം പഠിക്കാന്‍ പോയിരുന്നെങ്കില്‍ നന്നായി അഭിനയിക്കാന്‍ സാധിക്കുമെന്നും നിങ്ങള്‍ എന്താണോ ഇഷ്ടപ്പെടുന്നത്, അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസില്‍ നിങ്ങളുടെ അത്രയും മാര്‍ക്കില്ലാത്ത ഞാന്‍ നിങ്ങളെ ഉപദേശിക്കുകയല്ല. വെറുതേ പറഞ്ഞന്നേയുള്ളൂ. ടൊവീനോ തോമസ് കൂട്ടിച്ചേര്‍ത്തു. കെവി തോമസ് എംപി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എപിഎം മുഹമ്മദ് ഹനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.