റോബിനു പിന്നാലെ സജി ജോസഫ്; വയനാട് ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്തു
വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന് പോലീസ് പിടിയില്‍. സംഭവം പുറത്തായതോടെ ഒളിവിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെ മംഗലാപുരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
ബാലഭവന്റെ ചുമതലയുള്ള വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. സ്കൂള്‍ അവധിക്കാലത്ത് വൈദികന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ നല്കിയ മൊഴിയില്‍ പറയുന്നത്. 2016-17 അധ്യയന വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം.
ചൂഷണത്തെ കുറിച്ച് സൂചന ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെ കൗണ്‍സലിങ്ങിന് വിധേയരാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് മീനങ്ങാടി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.