ഇനിയുമിതു തുടര്‍ന്നാല്‍ തിരിച്ചടി ; പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെയുള്ള പാകിസ്താന്റെ നീക്കങ്ങള്‍ തുര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇന്ത്യയുടെ താക്കീത്. നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ എ.കെ ഭട്ടിന്റെ മുന്നറിയിപ്പ്. പാകിസ്താന്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയുമായി എ. കെ ഭട്ട് ഹോട്ട് ലൈനില്‍ നടത്തിയ സംഭാഷണത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ഥമായ നിലപാടാണുള്ളത്. എന്നാല്‍ ഇരു പക്ഷത്തുനിന്നുമുള്ള സഹകരണത്തോടെ മാത്രമേ അത് നടപ്പില്‍വരുത്താന്‍ പറ്റൂ.
എന്നാല്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത് എ.കെ ഭട്ട് വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഓരോന്നിനും ഇന്ത്യ തക്കസമയത്ത് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
പാകിസ്താനിലും നിയന്ത്രണ രേഖയിലും തീവ്രവാദികള്‍ക്ക് അനുകൂല സാഹചര്യമാണ് ഇപ്പോഴും. പാകിസ്താന്‍ തീവ്രവാദികള്‍ പാക് സൈനിക താവളങ്ങള്‍ക്കു സമീപത്തുകൂടിയാണ് പലപ്പോഴും നുഴഞ്ഞുകയറുന്നത്. നുഴഞ്ഞു കയറ്റത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ ഇതില്‍ നിന്ന് വ്യക്തമാണെന്ന് ഒരു സൈനിക വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം രജൗറി സെക്ടറില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മുഹമ്മദ് നാസര്‍, മുദ്ദസര്‍ അഹമ്മദ് എന്നീ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ അഞ്ചുവയസ്സുള്ള പെണ്‍കുട്ടിയും മരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യന്‍ സൈനിക മേധാവി ലഫ്. ജനറല്‍ എ.കെ ഭട്ട് പാക് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. 2014ല്‍ 153 തവണയും 2015ല്‍ 152 തവണയും പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായിരുന്നു.